കൊല്ലം: കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് മരിച്ച നിർമ്മാണ തൊഴിലാളികൾക്ക് 10 ലക്ഷം രൂപ വീതം ആശ്വാസ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ദുരന്തത്തിനിരയായ വാളത്തുംഗൽ ചേതന നഗർ തൊണ്ടിവയൽ വീട്ടിൽ രഘു, അയത്തിൽ വലിയമാടം ന്യൂ നഗർ കല്ലുംപുറത്ത് വീട്ടിൽ അജന്തൻ എന്നിവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നിർമ്മാണ മേഖലയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കേണ്ടത് അനിവര്യമാണ്. മരിച്ച തൊഴിലാളികൾ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു. കുടുംബത്തോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.