പത്തനാപുരം : ഗാന്ധിഭവന്റെ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന്റെ പിതാവ് ചെല്ലപ്പന്റെ സ്മരണവാർഷികവും ചെല്ലപ്പൻ ശാരദ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാര സമർപ്പണവും നാളെ രാവിലെ 11 ന് ഗാന്ധിഭവനിൽ നടക്കും. കവിയും ഗാനരചയിതാവുമായ ദേവദാസ് ചിങ്ങോലി, സംഗീത സംവിധായകൻ അഞ്ചൽ ഉദയകുമാർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മുൻ മന്ത്രി അഡ്വ. കെ. രാജു ചടങ്ങ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എസ്. സുധീശൻ, ഡോ. നടയ്ക്കൽ ശശി, ഗോപിനാഥ് മഠത്തിൽ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. സി ആൻഡ് ഫൗണ്ടേഷൻ രക്ഷാധികാരി കെ. ധർമ്മരാജൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറയും. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, പുനലൂർ മുൻസിപ്പാലിറ്റി മുൻ ചെയർമാൻ എ. ജി. സെബാസ്റ്റ്യൻ, പുനലൂർ മുൻസിപ്പാലിറ്റി കൗൺസിലർ ഡി. ദിനേശൻ എന്നിവർ പങ്കെടുക്കും. സി ആൻഡ് എസ് ഫൗണ്ടേഷൻ സെക്രട്ടറി വി. എസ്. സതീഷ് ചന്ദ്രൻ നന്ദി പറയും.