kunnathoor
ചക്കുവള്ളി - പുതിയകാവ് റോഡിൽ ശൂരനാട് കെ.സി.ടി മുക്കിലെ വെളളക്കെട്ട്

കുന്നത്തൂർ : നവീകരണം പാതിവഴിയിൽ നിലച്ചതോടെ തിരക്കേറിയ ചക്കുവള്ളി - പുതിയകാവ് റോഡിലെ യാത്ര കൂടുതൽ ദുഷ്ക്കരമായി. കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് കാൽനട പോലും അസാദ്ധ്യമായ അവസ്ഥയിലായത്.

നിർമ്മാണം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും റോഡ് നവീകരണം യാഥാർത്ഥ്യമാകാത്തതാണ് ദുരിതമായത്. നവീകരണത്തിന് മുമ്പ് ഭാഗീകമായി സഞ്ചാരയോഗ്യമായിരുന്ന റോഡാണ് അധികൃതർ കുളമാക്കിയത്. തകർന്ന റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് നൽകുന്നത് വലിയ ദുരിതമാണ് .

തീരദേശ - മലയോര മേഖലയെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട കാട്ടിൽക്കടവ് - പത്തനാപുരം പാതയുടെ ഭാഗമായിട്ടാണ് റോഡ് വീതികൂട്ടി പുനർനിർമിക്കുന്നത്. 16 കോടി ചെലവഴിച്ചാണ് കാട്ടിൽക്കടവ് മുതൽ ചക്കുവള്ളി വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓടകളുടെയും കലങ്കുകളുടെയും നിർമ്മാണം പൂർത്തിയായി. ചിലയിടങ്ങളിൽ ടാറിംഗും നടന്നു. എന്നാൽ, പിന്നീട് അങ്ങോട്ട്

പണിയൊന്നും നടന്നില്ല. ഇതോടെ വേനലിൽ പൊടി ശല്യം, മഴയത്ത് വെള്ളക്കെട്ട് എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറി.

മാനംകറുത്താൽ

വെള്ളക്കെട്ട്

തൊടിയൂർ പാലം - ചക്കുവള്ളി റോഡിൽ പലയിടത്തും റോഡ് കുത്തിപ്പെളിച്ച് മെറ്റലും പൊടിയും കലർന്ന മിശ്രിതം നിരത്തിയിട്ട് മാസങ്ങളായി. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും മെറ്റൽ ചീളുകൾ ചിതറിക്കിടക്കുന്നതും കാരണം അപകടങ്ങൾ പതിവായി. സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞത് കാര്യങ്ങളെ കൂടുതൽ വഷളാക്കി. റോഡ് അരയടിയോളം ഉയർത്തിയുള്ള നിർമ്മാണമായതിനാൽ കെ.സി.ടി മുക്ക് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും മുമ്പിൽ വെള്ളക്കെട്ട് പതിവാണ്. ഇതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ ചെളിയും വെള്ളവും യാത്രക്കാരുടെ ശരീരത്തിലേയ്ക്കും കടകളിലേയ്ക്കും തെറിക്കുന്നത് സ്ഥിരം സംഭവമായി. ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമായി നാട്ടുകാർ പറയുന്നത്. പള്ളിച്ചന്ത, തൊടിയൂർ, പതാരം മുക്ക് എന്നിവിടങ്ങളിലും ഇതേ അവസ്ഥയാണ്.