
കൊല്ലം: കോളിളക്കം സൃഷ്ടിച്ച നെട്ടയം രാമഭദ്രൻ വധക്കേസിലെ രണ്ടാം പ്രതിയും സി.പി.എം നേതാവുമായ ഏരൂർ പത്തടി വടക്കേവിളവീട്ടിൽ പത്മലോചനനെ (ജെ.പത്മൻ, 52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പാണയത്തിന് സമീപം തെക്കേവയൽ സ്വദേശി രവിയുടെ ഉടമസ്ഥതയിലുള്ള വയലിലെ വട്ടമരത്തിലാണ് തൂങ്ങിയത്. പത്മന്റെ വീട്ടിൽ നിന്ന് ഇവിടേക്ക് മൂന്ന് കിലോമീറ്റളോളം ദൂരമുണ്ട്. ഇന്നലെ രാവിലെ ഏഴോടെ സമീപത്തെ താമസക്കാരാണ് ആദ്യം കണ്ടത്. മരിച്ച സ്ഥലത്തിന് അൽപം അകലെയായി ഇരുചക്രവാഹനം വച്ചിട്ടുണ്ടായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2010ലാണ് കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന രാമഭദ്രനെ ഒരുസംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ സി.ബി.ഐ കോടതിയിൽ അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് പത്മന്റെ ആത്മഹത്യ. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വൈകിട്ട് സംസ്കരിച്ചു. കർഷക സംഘത്തിന്റെ അഞ്ചൽ ഏരിയാ സെക്രട്ടറിയും സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: റെനി. മക്കൾ: ശിവ, ശിഖ.