kappa

കിലോയ്ക്ക് ₹ 50

കൊല്ലം: വില വല്ലാതെ മുകളിലേയ്ക്ക് കയറിയതോടെ അടുക്കളയിലെ വിറകടുപ്പിൽ കപ്പ വേവുന്നത് തീവിലയിൽ!. നാലുമാസം മുമ്പ് കിലോയ്ക്ക് 15- 20 രൂപയായിരുന്നിടത്ത് ഇപ്പോൾ 50 രൂപ നൽകണം. സകല സാധനങ്ങൾക്കും തീവിലക്കാലമായതിനാൽ കപ്പയെ മനസില്ലാമനസോടെ തഴയേണ്ട ഗതികേടിലാണ് കപ്പപ്രേമികൾ.

തുടർച്ചയായ മഴയും കഴിഞ്ഞ സീസണിലെ വിലക്കുറവും മൂലം കപ്പക്കൃഷിയുടെ വ്യാപ്തി കുറഞ്ഞതും വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടതുമാണ് വിലവർദ്ധനയ്ക്ക് കാരണം. ആറ് മുതൽ 11 മാസം വരെയാണ് വിവിധ ഇനങ്ങളിലുള്ള കപ്പയുടെ വളർച്ചക്കാലം. കഴിഞ്ഞ വർഷം തുടർച്ചയായി പെയ്ത മഴ കാരണം ഈ വർഷം മാർച്ച് മുതൽ വിളവെടുക്കേണ്ടിയിരുന്ന കൃഷിയിൽ നല്ലൊരു ശതമാനവും നശിച്ചു. പാടത്ത് വെള്ളം കെട്ടിനിന്ന് അഴുകിപ്പോവുകയായിരുന്നു. കഴിഞ്ഞ വർഷം മികച്ച ഉത്പാദനം ഉണ്ടായിരുന്നതിനാൽ വില കുറയുകയും കർഷകർ മറ്റു കൃഷികളിലേക്ക് മാറുകയും ചെയ്തു. പന്നിയും എലിയും കപ്പക്കൃഷിയിലെ ശല്യക്കാരായതോടെ മനംമടുത്ത് കൃഷി വേണ്ടെന്നുവച്ച കർഷകരുമുണ്ട്.

കൂനിൻമേൽ കുരുവായി ചീയൽ രോഗം

1. 2018ലെ പ്രളയത്തിന് ശേഷം കപ്പ, വാഴ കൃഷികളിൽ ചീയൽ രോഗം

2. കപ്പ വിളവെടുപ്പിന് പാകമാകുമ്പോൾ മൂട് ചീയുന്നു

3. ഇതോടെ ബാക്കിയുള്ളവ നിസാര വിലയ്ക്ക് വിൽക്കേണ്ടിവരും

4. വിപണിയിൽ കപ്പ ലഭ്യത കുറഞ്ഞതും തിരിച്ചടി

5. മണ്ണിനുണ്ടായ രാസമാറ്റമാണ് രോഗങ്ങൾക്ക് കാരണം

80 സെന്റിൽ 2000 മൂട് കപ്പ കൃഷി ചെയ്തിരുന്നു. നിലവിലെ വിലയനുസരിച്ച് ഒരു മൂടിൽ നിന്ന് 200 രൂപ വരെ വരുമാനം ലഭിക്കുമായിരുന്നു. പക്ഷേ, ചീയൽ രോഗം ബാധിച്ച് കപ്പ അഴുകിത്തുടങ്ങി.

ജി.എസ്. ജയകൃഷ്ണൻ

സ്കൂൾ അദ്ധ്യാപകൻ, വെണ്ടാർ

കഴിഞ്ഞ സീസണിലെ വിലക്കുറവും മഴയിലുണ്ടായ കൃഷിനാശവുമാണ് ഉയർന്ന വിലയ്ക്ക് കാരണം. കഴിഞ്ഞ പ്രളയകാലത്ത് ഒരേക്കർ പാടത്തെ കപ്പ അഴുകിപ്പോയി.

എ.എം. സത്യപാലൻ, മുകളുംപുറത്ത്,

മഞ്ചള്ളൂർ, പത്തനാപുരം