jawan

കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ ജനപ്രിയ ബ്രാൻഡുകൾക്കും വിലകുറഞ്ഞ മദ്യത്തിനും ക്ഷാമം തുടരുന്നതിനിടെ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ വാക്കുതർക്കവും സംഘർഷവും പതിവാകുന്നു.

കൂടുതൽ ആവശ്യക്കാരുള്ള സംസ്ഥാന സർക്കാരിന്റെ ജവാൻ റമ്മിനും ക്ഷാമം നേരിടുകയാണ്. ഓരോ ഔട്ട്ലെറ്റിലേക്കും 350 മുതൽ 400 കെയ്‌സ് ജവാൻ ലഭ്യമാക്കിയിരുന്നിടത്ത് ഇപ്പോൾ പരമാവധി 100 കെയ്‌സ് മാത്രമാണ് നൽകുന്നത്.

വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്നതിനാൽ പലരും വ്യാജമദ്യത്തിന് പിന്നാലെ പോകുന്നുണ്ട്. ഇത് വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകുന്നു. വ്യാജമദ്യ കേസിൽ പ്രതിയായവരെയും മറ്റ് ലഹരി വിൽപ്പന നടത്തിയിരുന്നവരെയും എക്സൈസ് നിരീക്ഷിച്ചുവരികയാണ്.

ദിവസ വേതനക്കാരായ തൊഴിലാളികളിലേറെയും വിലകുറഞ്ഞ മദ്യത്തെയാണ് ആശ്രയിക്കുന്നത്. ഇവ ലഭിക്കാതാകുന്നതോടെ ബാറിനേക്കാൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന വ്യാജമദ്യത്തിന് പിന്നാലെ പോകും.

സ്പിരിറ്റ് ചതിച്ചാശാനേ...

1. സ്‌പിരിറ്റ് വില കൂടിയതോടെ മദ്യ വിതരണം പ്രതിസന്ധിൽ

2. സംസ്ഥാന സർക്കാരിന്റെ ജവാനും ക്ഷാമം

3. ജനപ്രിയ ബ്രാൻഡുകൾ കിട്ടാനില്ല

4. ബെബ്കോ ഔട്ട്ലെറ്റുകൾ കാലി

5. ജവാൻ റമ്മിന് 57 രൂപയ്ക്കാണ് ഒരു ലി​റ്റർ സ്പിരി​റ്റ് വാങ്ങുന്നത്

6. ഇപ്പോഴത് ലിറ്ററിന് 75 രൂപയായി

7. സ്റ്റോക്ക് എത്തുന്നില്ല, വരുമാനനഷ്ടം

8. മദ്യത്തിന് വിലകൂട്ടാനുള്ള നീക്കവും സജീവം

സ്പിരി​റ്റ് വില (ഒരു ലിറ്റർ)

നേരത്തെ ₹ 53

ഇപ്പോൾ ₹ 75

പ്രതിദിന വരുമാനം (ശരാശരി)

നേരത്തെ: 25 - 30 ലക്ഷം

ഇപ്പോൾ: 17- 18 ലക്ഷം

മദ്യ ലോഡ്

ആഴ്ചയിൽ: 4 - 5

ഇപ്പോൾ - 2

ജവാൻ റം

നേരത്തെ: 350- 400 കെയ്‌സ്

ഇപ്പോൾ -100

ബിയർ ഒരു ലോഡ്

നേരത്തെ: 180 കെയ്‌സ്

ഇപ്പോൾ 300 - 350

ബാറുകളിൽ സുലഭം

ബെവ്കോയിൽ കൂടുതലായി വിറ്റഴിഞ്ഞിരുന്ന പല ബ്രാൻഡുകളും ബാറുകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. ബാറുകൾക്കും ബെവ്‌കോയ്ക്കും മദ്യം വിതരണം ചെയ്യുന്നത് ബിവറേജസ് കോർപ്പറേഷനാണെങ്കിലും ബാറുകൾക്ക് ഓൺലൈനിൽ മദ്യം വാങ്ങാൻ കഴിയും. സംസ്ഥാനത്തെ ഏത് വെയർഹൗസിൽ നിന്നും ബാറുകൾക്ക് മദ്യം വാങ്ങാം. ബെവ്‌കോ ഷോപ്പുകൾക്ക് ഈ സൗകര്യമില്ല.

അന്യസംസ്ഥാന കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. വിലകുറഞ്ഞ മദ്യത്തിന് മാത്രമാണ് ക്ഷാമം. മ​റ്റുള്ള മദ്യത്തിന് ക്ഷാമമില്ല.

ബെവ്‌കോ അധികൃ​തർ