 
പുനലൂർ: തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന കുറവൻതാവളത്ത് ആവശ്യത്തിന് ബസ് സർവീസ് ഇല്ല. മുമ്പ് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ സ്റ്റേ ബസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഡി.ടി.ഒക്ക് നിവേദനം നൽകി. രാത്രി 8.30ന് പത്തനാപുരം ബസ് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് പുനലൂർ പേപ്പർമില്ല്, പുനലൂർ വഴി രാത്രി 9.45ന് കുറവൻതാവളത്ത് സർവീസ് അവസാനിപ്പിച്ചിരുന്ന സ്റ്റേ ബസാണ് നിറുത്തലാക്കിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്റ്റേ സർവീസ് നിലച്ചതോടെ സ്വകാര്യ വാഹനങ്ങൾക്ക് അമിത വാടക നൽകിയാണ് പലരും യാത്ര ചെയ്യുന്നത്. ആദിവാസികളടക്കമുള്ള നാട്ടുകാർ കഴിഞ്ഞ രണ്ടര വർഷമായി ബുദ്ധിമുട്ടുകയാണ്. എം.എൽ.എമാരായ പി.എസ്.സുപാലും കെ.ബി.ഗണേശ് കുമാറും സ്റ്റേ ബസ് പുനരാരംഭിക്കാനുളള നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് അംഗം സിബിൽ ബാബു, നാട്ടുകാരായ അനിതകുമാരി,വിക്രമൻ,ശ്യാമ, സാറാമ്മ,ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്ന നിവേദനം നൽകിയത്.