paravur
പൂതക്കുളം യുവരേഖാ ജംഗ്‌ഷൻ - കൂനംകുളം ഏല റോഡ് പൊട്ടി​പ്പൊളി​ഞ്ഞ നി​ലയി​ൽ


പരവൂർ: ദിനപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പൂതക്കുളം യുവരേഖ - കൂനംകുളം ഏല റോഡ് മഴയൊന്നു ചാറിയാൽത്തന്നെ വെള്ളക്കെട്ടായി മാറുന്നു. പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്‌ഷനിൽ നിന്നു പോളച്ചിറ ബണ്ട് റോഡ് വഴി ചാത്തന്നൂരിൽ എത്താനുള്ള എളുപ്പവഴിയാണിത്.

കുണ്ടും കുഴിയുമായിരുന്ന റോഡിലൂടെ കുടിവെള്ള പൈപ്പിടാനായി നാല് മാസം മുമ്പ് കുഴിച്ച ഭാഗങ്ങൾ വേണ്ടവിധം അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് യാത്ര ദുരിതമാക്കിയത്. പോളച്ചിറയിൽ പ്രവർത്തിക്കുന്ന ക്രഷറിയിൽ നിന്നു സാധനങ്ങളുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെറി​യ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലി​യ ബുദ്ധി​മുട്ടാണ് ഉണ്ടാവുന്നത്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കോൺഗ്രസ് കൂനംകുളം വാർഡ്‌കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ, സുദർശനൻ, സുരാജ്, സുനി,ഗോപിനാഥൻപിള്ള, സതീശൻ, രാമചന്ദ്രൻ പിള്ള, രജിത്ത് രവി, നിശാന്ത്, ശരത്ത് രവി തുടങ്ങിയവർ പങ്കെടുത്തു.