പരവൂർ: പരവൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഗവ. ആയുർവേദ ആശുപത്രിക്ക് മുന്നിലെ മെറ്റൽ കൂന ഗതാഗത തടസമുണ്ടാക്കുന്നു. വൺവേ ആയ ഇവിടെ റോഡിന്റെ നല്ലൊരു ഭാഗം മെറ്റൽകൂന കവർന്നിരിക്കുകയാണ്.
റെയിൽവേ സ്റ്റേഷൻ റോഡിലെ വീതി കുറഞ്ഞ ഭാഗമാണിത്. ബസുകൾ ഉൾപ്പടെ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ആശുപത്രയിലേക്കും വൈദ്യുതി ബോർഡ് ഓഫീസിലേക്കും വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനും ഇടമില്ല. ഗതാഗത പരിഷ്കരണം നടപ്പാക്കിയപ്പോൾ ഈ റോഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിന് അനുമതി നൽകിയിരുന്നു. പരവൂരിൽ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണിത്. രണ്ട് സ്കൂളുകൾ ഇതിന് സമീപമുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള വഴിയാത്രക്കാരെയും ഈ മെറ്റൽക്കൂന വലയ്ക്കുകയാണ്. ആയുർവേദ ആശുപത്രി പരിസരത്തുള്ള അഴുക്കു ചാലിൽ സ്ലാബ് നിർമ്മിക്കാനാണ് മെറ്റൽ ഇറക്കിയത്. രണ്ട് മാസത്തോളമായിട്ടും പണി പൂർത്തിയായിട്ടില്ല.