 
പെരുമ്പുഴ: ഇളമ്പള്ളൂർ പഞ്ചായത്തിലെ കന്യാകുഴിയിൽ സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടത് 'അടിയന്തിര ചികിത്സ'. ദിവസം നാനൂറോളം രോഗികൾ ഒ.പി ചികിത്സ തേടുന്ന ആശുപത്രിക്ക്, അതിനു തക്ക പരിഗണന അധികൃതർ നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് ഇളമ്പള്ളൂർ പഞ്ചായത്താണ്. അടുത്തിടെ ആശുപത്രി പരിസരത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ ജീവനക്കാർ പരിസരം പരിശോധിച്ചു. കിണറ്റിൽ നിന്നാണ് ദുർഗന്ധം വരുന്നതെന്ന് മനസിലായി പരിശോധിച്ചപ്പോൾ ഒരു നായയുടെ ജീർണിച്ച ജഡം! ഒരാഴ്ചയെങ്കിലും പഴക്കമുണ്ടാവും. തുടർന്ന് പുറത്തുനിന്നുള്ളവരെ വിളിച്ച് ജഡം പുറത്തെടുത്ത് മറവു ചെയ്തു. പിന്നീട് കിണർ വറ്റിച്ച് വൃത്തിയാക്കിയ ശേഷമാണ് ദുർഗന്ധം ശമിച്ചത്. കിണറിന്റെ തകർന്ന മേൽമൂടിയിലൂടെയാണ് നായ വീണത്.
ആശുപത്രി മുറ്റത്ത് നിറയെ ഷെഡുകളുണ്ടെങ്കിലും വരുന്ന രോഗികൾക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നില്ല. ചില ഭാഗങ്ങളിൽ ചോർച്ചയുള്ളതിനാൽ മഴസമയത്ത് ഷെഡുകൊണ്ട് യാതൊരു ഗുണവും ഉണ്ടാവില്ല. നിർമ്മാണത്തിലെ പിഴവും അശാസ്ത്രീയതയുമാണ് കാരണം. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തെ കോളനിയിലേതുൾപ്പെടെ 50ൽ പരം വീടുകളിലേക്ക് വഴിയുണ്ട്. രോഗികളുമായി വാഹനങ്ങളിൽ വരുന്നവർക്ക് യാത്രാതടസം ഉണ്ടാക്കും വിധം മാസങ്ങൾക്ക് മുൻപ് പ്ലാവിൻ തടി വഴിയിലേക്ക് ഒടിഞ്ഞു വീണിട്ടും മുറിച്ചുമാറ്റാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.