photo
പവിത്രേശ്വരം വില്ലേജ് ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടം

ഓഫീസ് പ്രവർത്തനം വാടക കെട്ടിടത്തിലേക്ക്

പഴയ കെട്ടിടം ഉടൻ പൊളിക്കും

കൊല്ലം: പഴകി ദ്രവിച്ച് നിലംപൊത്താറായ കെട്ടിടത്തിൽ നിന്ന് പവിത്രേശ്വരം വില്ലേജ് ഓഫീസിന് മോചനം. സൗകര്യങ്ങളേറെയുള്ള സ്മാ‌ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉടൻ നിർമ്മാണം ആരംഭിക്കും. ഓഫീസ് പ്രവർത്തനം താത്കാലികമായി വാടക കെട്ടിടത്തിലേക്ക് മാറ്റും. തൊട്ടടുടുത്തുതന്നെയുള്ള സ്വകാര്യ കെട്ടിടത്തിലേക്കാണ് ഈ ആഴ്ച ഓഫീസ് മാറ്റുന്നത്. ഈ മാസം 6ന് മാറ്റാനായിരുന്നതാണെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ഹൗസിംഗ് ബോർഡിനാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. ഇന്നലെ ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം അടിയന്തരമായി നിർമ്മാണം തുടങ്ങുമെന്ന് അറിയിച്ചു.

44 ലക്ഷം രൂപയുടെ നി‌ർമ്മാണം

32 ലക്ഷം രൂപയ്ക്ക് കരാർ

സ്മാർട്ട് വില്ലേജ് പദ്ധതിയിൽ

സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. 32 ലക്ഷം രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്. 6മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്നാണ് കരാർ നിശ്ചയിച്ചിരിക്കുന്നത്. പവിത്രേശ്വരം ജംഗ്ഷന്റെ കണ്ണായ സ്ഥലത്താണ് വില്ലേജ് ഓഫീസ് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നതെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നാണക്കേടായിരുന്നു. ആറര സെന്റ് ഭൂമിയാണ് ഇവിടെ വില്ലേജ് ഓഫീസിനുള്ളത്. പത്ത് സെന്റ് ഭൂമിയിൽ കുറവുള്ളിടത്ത് സ്മാർട്ട് വില്ലേജ് പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന കടുംപിടുത്തമാണ് പദ്ധതി ഇതുവരെ നീണ്ടത്.

ആധുനിക സംവിധാനങ്ങളോടെ

എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള കെട്ടിടമാണ് വില്ലേജ് ഓഫീസിനായി നിർമ്മിക്കുക. വില്ലേജ് ഓഫീസർക്കും ഉദ്യോഗസ്ഥർക്കും ഓഫീസ് മുറികൾ, ഫ്രണ്ട് ഓഫീസ്, കമ്പ്യൂട്ടർ മുറി, വിശ്രമ മുറി, ടൊയ്ലറ്റ് സംവിധാനം, റെക്കാഡ് മുറി എന്നിവ സജ്ജമാക്കും. തികച്ചും സ്മാർട്ടാകുന്ന കെട്ടിടം കാഴ്ചയിലും മനോഹരമാകും.