photo
നെല്ലിക്കുന്നം ചുങ്കത്തറ പാലത്തിന് കീഴെയായി തോടിന് സംരക്ഷണ ഭിത്തി നിർമ്മാണം

കൊല്ലം: കൊട്ടാരക്കര - ഓയൂർ റോഡിൽ ഓടനാവട്ടം ചുങ്കത്തറ പാലത്തിന് കീഴിലെ തോടിന് സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങി. പെരുമഴയ്ക്ക് മുമ്പ് നിർമ്മാണം പൂർത്തിയായില്ലെങ്കിൽ കൂടുതൽ ദുരിതത്തിനിടയാക്കും. പാലത്തോട് ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തികളുടെ കൽക്കെട്ട് ഇടിഞ്ഞത് പാലത്തിന് ദോഷമാകുമെന്നുൾപ്പെടെ ചൂണ്ടിക്കാട്ടി ജനുവരി 26ന് 'ചുങ്കത്തറ പാലം കടക്കാൻ ചങ്കിടിപ്പ്!' എന്ന തലക്കെട്ടോടെ കേരള കൗമുദി വാർത്ത നൽകിയിരുന്നു. പാലത്തിന് അടിയിൽക്കൂടി കടന്നുപോകുന്ന തോടിന്റെ മിക്ക ഭാഗങ്ങളിലും സംരക്ഷണ ഭിത്തി തകർന്നിരിക്കുകയാണ്. പാലത്തോട് ചേരുന്ന ഭാഗത്ത് വലിയ തോതിൽ ഇടിഞ്ഞ് പോയത് കൂടുതൽ അപകങ്ങൾക്ക് കാരണമെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയതോടെ തൊട്ടടുത്ത ദിവസംതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കി. അങ്ങനെയാണ് പഴയ കൽക്കെട്ടിന്റെ ഭാഗങ്ങൾ നീക്കി നിർമ്മാണം തുടങ്ങിയത്. ഇരുവശവും കരിങ്കല്ലും കോൺക്രീറ്റുമായി അടിത്തറ ബലപ്പെടുത്തിക്കഴി‌ഞ്ഞു. എന്നാൽ മുകളിലേക്ക് കല്ല് അടുക്കാൻ തുടങ്ങിയിട്ടില്ല. മഴ പെയ്താൽ ഇതിന്റെ മുകൾ ഭാഗത്തെ മണ്ണ് ഉൾപ്പെടെ ഒലിച്ച് തോട്ടിലേക്കിറങ്ങും. പാലത്തോട് ചേരുന്ന മണ്ണിടിച്ചിൽ കൂടുതൽ ആപത്തുകൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

പാലം പുനർ നിർമ്മിക്കണം

കൊട്ടാരക്കര- ഓയൂർ റോഡിൽ ഓടനാവട്ടത്തിനും നെല്ലിക്കുന്നത്തിനും ഇടയിലായി ചുങ്കത്തറ ജംഗ്ഷന് സമീപത്താണ് പാലമുള്ളത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുള്ള റോഡാണിത്. അര നൂറ്റാണ്ട് മുൻപാണ് ഇവിടെ പാലം നിർമ്മിച്ചത്. എന്നാൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താറില്ല. കൈവരികൾ ദ്രവിച്ച് അടർന്നുപോയ നിലയിലാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.