കൊല്ലം: അടഞ്ഞുകിടക്കുന്ന പാർവതി മിൽ ആധുനീകരിച്ച് പ്രവർത്തന സജ്ജമാക്കാത്തതിൽ കേന്ദ്ര സർക്കാരിന്റെ അനാസ്ഥക്കെതിരെ സി.ഐ.ടി.യു പ്രക്ഷോഭത്തിലേക്ക്. ഇന്ന് കൊല്ലം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും.
പാർവതി മിൽ കവാടത്തിന് മുന്നിൽ നടക്കുന്ന പരിപാടി രാവിലെ 10ന് ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് പങ്കെടുക്കും. 1974ലാണ് 16.4 ഏക്കർ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും യന്ത്രങ്ങളും നടത്തിപ്പിനായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന് കൈമാറിയത്. ആധുനീകരണത്തിനെന്ന പേരിൽ 2008ൽ ഉത്പാദനം നിറുത്തിയെങ്കിലും പിന്നീട് പ്രവർത്തിപ്പിച്ചില്ല. രണ്ടായിരത്തിലേറെ തൊഴിലാളികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകിയിരുന്ന സ്ഥാപനമാണ് പൂട്ടിയിട്ടിരിക്കുന്നത്. നിലവിലെ തൊഴിലാളികൾക്ക് നാമമാത്രമായ വേതനമാണ് ലഭിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി പിയൂഷ് ഗോയലിനും നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ ചെയർമാൻ അശുതോഷ് ഗുപ്തയ്ക്കും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി നേരത്തേ കത്തയച്ചിരുന്നു.