 
ഓച്ചിറ: ഈ വർഷത്തെ ഓച്ചിറക്കളിക്ക് ആരോഗ്യവകുപ്പിന്റെ ജാഗ്രതയുണ്ടാകും. പടനിലത്ത് എട്ടുകണ്ടത്തോട് ചേർന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രത പവലിയൻ പ്രവർത്തിക്കുമെന്ന് ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഡി.സുനിൽകുമാർ അറിയിച്ചു. ഓച്ചിറക്കളിയുടെ ഭാഗമായി എട്ടുകണ്ടത്തിൽ ഇറങ്ങുന്ന കളിക്കാർ, ഭരണസമിതി അംഗങ്ങൾ, കരക്കാർ, മേളക്കാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം ഡോക്സിസൈക്ലിൻ പ്രതിരോധമരുന്ന് നൽകും. ആരോഗ്യ ജാഗ്രതയുടെ ഭാഗമായുള്ള എലിപ്പനി പ്രതിരോധത്തിനാണ് ഇത് നൽകുന്നത്. മരുന്നു കഴിക്കുന്നവർക്ക് രോഗപ്രതിരോധശക്തി ആർജ്ജിക്കുകയും എലിപ്പനി രോഗബാധ തടയുകയും ചെയ്യാം. ഹെൽത്ത് ഇൻസ്പെക്ടർമാർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും. പവലിയനിൽ യോദ്ധാക്കൾക്ക് പ്രഥമശുശ്രൂഷ സൗകര്യവും ഡോക്ടറുടെ സേവനവും ലഭിക്കും.
ലഘുലേഖ വിതരണം നടത്തും. പടനിലത്ത് ആംബുലൻസ് സേവനവും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും. ഓച്ചിറ കളിയിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കുകയും കൊവിഡ് പ്രോട്ടോകോൾ പാലിച്ചും പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കുകയും വേണം.
ഭക്ഷ്യസുരക്ഷാപരിശോധന
ഓച്ചിറക്കളിക്ക് മുന്നോടിയായി ഭക്ഷ്യവിഷബാധ തടയുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തും. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന പഴവർഗങ്ങൾ അനാരോഗ്യ പ്രവണത ഉണ്ടാക്കും. ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും, ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ് നൽകുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘകർക്ക് എതിരെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർ കൂടിയായ ഡോ.ഡി. സുനിൽകുമാർ അറിയിച്ചു.