
കൊല്ലം: ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ടി.ബി സെന്റർ ബിൽഡിംഗിലെ എൻ.എച്ച്.എം ട്രെയിനിംഗ് ഹാളിലാണ് മത്സരം സംഘടിപ്പിച്ചത്. 21 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ കടയ്ക്കൽ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ എ.ആർ. മിറ, ഗോകുൽ കൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനമായ 5000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും നേടി. മയ്യനാട് എച്ച്.എസ്.എസിലെ എം.എസ്.മുഹമ്മദ് സാജിദ്, നിഥിൻ മനോജ് എന്നിവർ രണ്ടാം സ്ഥാനവും കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ ഗീതു എസ്.അനിൽ, അഭിഗ്ന അജയ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ എസ്.അജി, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ഡി. സുജിത്ത് പെരേര, സോമനാഥ് പല്ലുശേരി, എ. യുഗിൽ, ജയപ്രകാശ്, ജഗദീഷ് ചന്ദ്രൻ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.