attack-

പടിഞ്ഞാറേക്കല്ലട: രാവിലെ ക്ഷേത്രത്തി​ലേക്ക് പോകും വഴി ക്ഷേത്രജീവനക്കാരി​യായ വൃദ്ധയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ കടി​ച്ചുകീറി​. നാട്ടുകാർ ഓടി​യെത്തിയപ്പോഴേക്കും വൃദ്ധയുടെ മുടി​ പൂർണമായും തലയോട്ടി​യി​ൽ നി​ന്ന് വേർപെട്ട നി​ലയിലായി​രുന്നു. ഗുരുതരാവസ്ഥയി​ലായ ഇവരെ തി​രുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ കുന്നുവള്ളി​ൽ ദേവീക്ഷേത്രത്തിലെ കഴകം ജീവനക്കാരിയായ ഐത്തോട്ടുവ കരിമ്പിൻ വീട്ടിൽ ആനന്ദവല്ലിയമ്മയ്ക്കാണ് (74) പരിക്കേറ്റത്. ഇന്നലെ രാവി​ലെ ആറോടെയായി​രുന്നു സംഭവം. നിലവിളിയും നായ്ക്കളുടെ കുരയും കേട്ടാണ് പ്രദേശവാസി​കൾ ഓടി​യെത്തി​യത്. തലയി​ലാണ് കടി​ കി​ട്ടി​യതെങ്കി​ലും മുഖത്ത് വലി​യ പരി​ക്കി​ല്ല. മുടയി​ൽ കടി​ച്ചുപറി​ക്കുകയായി​രുന്നു. ചോരയി​ൽ കുളി​ച്ച് വേദനകൊണ്ട് അലറി​ക്കരഞ്ഞ വൃദ്ധയെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രി​യി​ലെത്തിച്ചു. ശാസ്താംകോട്ട പൊലീസെത്തിയാണ്​ തുടർനടപടി​ സ്വീകരി​ച്ചത്.

കഴി​ഞ്ഞ മേയ് 18ന് വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ഐത്തോട്ടുവ പുളിമൂട്ടിൽ വീട്ടിൽ ആദിത്യനെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. ഓടുന്നതിനിടെ ഭിന്നശേഷിക്കാരനായ കുട്ടി റോഡിൽ മുഖമടിച്ചു വീണ് തലയ്ക്കും മുഖത്തും ഗുരുതരമായി​ പരി​ക്കേറ്റിരുന്നു.