
കൊല്ലം: ജയ അരിയുടെ വില കുത്തനെ കുതിച്ചുയർന്ന സാഹചര്യത്തിൽ ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നഗരത്തിലെ ചില്ലറ - മൊത്തവ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഒൻപത് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും പൂഴ്ത്തവയ്പ്പോ, അമിതലാഭം കൊയ്യലോ കണ്ടെത്താനായില്ല.
ആന്ധ്രയിൽ ജയ അരിയുടെ ഉല്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർ മോഹനകുമാറിന് താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് കൈമാറി. അസി. സപ്ലൈ ഓഫീസർ ജോലി സഖറിയ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുജി, ബിജി, രാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.