കൊല്ലം: നഗരപരിധിയിൽ അനധികൃത കശാപ്പ് ശാലകൾ വ്യാപകമായിട്ടും കോർപ്പറേഷൻ അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. അഷ്ടമുടിക്കായലിന്റെ തീരത്ത്, കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അറവുശാല അടച്ചിട്ടിട്ട് വർഷങ്ങളായി.
ഈ അറവുശാല പൂട്ടിയതോടെയാണ് നഗരത്തിൽ പലേടത്തും അനധികൃത കശാപ്പുശാലകൾ മുളച്ചു പൊന്തിയത്. ആരോഗ്യകരമല്ലാതെ, സുരക്ഷിത മാർഗങ്ങൾ അവലംബിക്കാതെ നിരവധി കശാപ്പ് കേന്ദ്രങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ പരിശോധനകൾ നടത്തി ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ മാത്രമെ മാംസവില്പന നടത്താവൂ എന്നാണ് നിയമം. എന്നാൽ ഒരു മാനദണ്ഡവും പാലിക്കാതെ തോന്നുംപടിയുള്ള അറവാണ് പലേടത്തും നടക്കുന്നത്. ഹോട്ടലുകളിലേക്കുള്ള മാംസം തരംതിരിച്ചാണ് വിതരണം ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഗുണനിലവാരമില്ലാത്ത മാംസം വിലകുറച്ച് വിൽക്കുന്ന രീതിയും നഗരത്തിലുണ്ട്. അനധികൃത കശാപ്പുശാലകൾ വ്യാപകമായതോടെ നല്ല മാംസം വിറ്റിരുന്ന പല വ്യാപാരികളുടെയും കച്ചവടത്തിനും താഴ് വീണു. അനധികൃത കശാപ്പു നടക്കുന്നത് ആരോഗ്യസുരക്ഷാ വിഭാഗത്തിന് അറിയാമെങ്കിലും യാതൊരുവിധ പരിശോധനയും നടപടികളും സ്വീകരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ആടുമാടുകളെയാണ് ദിവസവും കശാപ്പു കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഇവയുടെ മാംസം ഭക്ഷ്യയോഗ്യമാണോയെന്ന പരിശോധനകൾ പോലും നടക്കുന്നില്ല. മരണത്തോട് മല്ലിടുന്നതും അനാരോഗ്യമുള്ളതുമായ കന്നുകാലികളെയാണ് കൂടുതലായും കശാപ്പിനെത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നെങ്കിലും യാതൊരുവിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ല.
 കോർപ്പറേഷൻ മറന്നു!
അഷ്ടമുടിക്കായലിന്റെ തീരത്ത് ലക്ഷങ്ങൾ ചെലവിട്ടിട്ടും പ്രവർത്തന ക്ഷമമാകാത്ത അറവുശാല കോർപ്പറേഷൻ അധികൃതർ മറന്നമട്ടാണ്. ലക്ഷങ്ങൾ വാങ്ങിയിട്ടും കരാർ പ്രകാരമുള്ള ഫലം ലഭ്യമാകാത്ത സ്വകാര്യ കമ്പനിയിൽ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള ശ്രമവും ഉണ്ടാകുന്നില്ല. സ്ലോട്ടർ ഹൗസ് പ്രവർത്തിക്കാത്തതിനാൽ അറവിനത്തിലും അവശിഷ്ടങ്ങളുടെ വില്പനയിനത്തിലും ലക്ഷക്കണക്കിന് രൂപ കോർപ്പറേഷന് നഷ്ടമാകുകയാണ്.