 
തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് ഒച്ചിന്റെ വേഗത!
മാസങ്ങൾ മുമ്പ് തൂണുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും തുടർന്നുള്ള ജോലികൾക്ക് വേഗത പോരെന്നാണ് നാട്ടുകാരുടെ പക്ഷം.
എന്നുമാത്രമല്ല, ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതോടെ കരുനാഗപ്പള്ളിയിൽ നിന്ന് ശാസ്താംകോട്ട ഭാഗത്തേയ്ക്കും തിരിച്ചുമുള്ള യാത്ര
ക്ളേശകരമായി. റെയിൽവേസ്റ്റേഷൻ, വെളുത്തമണൽ വഴി ചുറ്റിക്കറങ്ങിയാണ് ബസ് ഉൾപ്പടെയുള്ള വലിയവാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്.
ചെറിയ വാഹനങ്ങൾ കല്ലേലിഭാഗം എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ -കോട്ട വീട്ടിൽ ജംഗ്ഷൻ വഴിയും വില്ലേജ് ഓഫീസ് ജംഗ്ഷൻ - മാളിയേക്കൽ ജം ഗഷൻ വഴിയുമാണ് കടന്നു പോകുന്നത്.
ഇതോടെ, ഈ റോഡുകളിലൊക്കെ രാപ്പകലില്ലാതെ തിരക്കും ഗതാഗതക്കുരുക്കും പതിവായി. വീതി കുറഞ്ഞ ഇടറോഡുകളിലൂടെയുള്ള യാത്ര അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മേൽപ്പാലം പൂർത്തിയാകാതെ ഈ ദുരിതം അവസാനിക്കില്ല. അതിനാൽ പണി വേഗത്തിൽ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.