 
ക്രഷർ ഉല്പന്നങ്ങളുടെ ക്ഷാമവും മഴയും തടസം
കൊല്ലം: മലയോരമേഖലയ്ക്ക് വികസന സ്വപ്നങ്ങൾ നൽകുന്ന പുനലൂർ - മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ഇഴയുന്നു. ക്രഷർ ഉത്പ്പന്നങ്ങളുടെ ക്ഷാമവും മഴയുമാണ് നിർമ്മാണത്തിന് തടസമാകുന്നത്. ക്രഷർ യൂണിറ്റുകൾ ധാരാളമുള്ള പ്രദേശമാണെങ്കിലും കുറഞ്ഞ അളവിൽ പാറ പൊട്ടിക്കാനുള്ള അനുമതിയേയുള്ളു. കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള പാറയുടെ വരവും കുറഞ്ഞു. പൊൻകുന്നം മുതൽ പുനലൂർ വരെ 82.11 കിലോമീറ്റർ ദൂരത്തിൽ റോഡ് വീതികൂട്ടി വളവുകൾ നിവർത്തി 10 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതാണ് പദ്ധതി. മൂന്ന് റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. കോട്ടയം ജില്ലയിലെ പൊൻകുന്നം മുതൽ പ്ളാച്ചേരി വരെയുള്ള ആദ്യ റീച്ച് നേരത്തെ പൂർത്തിയായി. 2019ൽ ആരംഭിച്ച പ്ളാച്ചേരി മുതൽ കോന്നി വരെയുളള രണ്ടാം റീച്ച് ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
പൂർത്തിയാകാൻ കോന്നി - പുനലൂർ റീച്ച്
2021 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച കോന്നി - പുനലൂർ റീച്ചാണ് ഇഴഞ്ഞ് നീങ്ങുന്നത്. 
പുനലൂരിനും കോന്നിക്കും മദ്ധ്യേ 10 മീറ്റർ റോഡ് ടാറിംഗിന് പുറമേ ഇരുവശങ്ങളിലുമായി നടപ്പാതയും 36 കിലോമീറ്ററിൽ ഓടകളുമാണ് നിർമ്മിക്കേണ്ടത്. 107 കലുങ്കുകളുടെയും ചെറുതും വലുതുമായ 4 പാലങ്ങളുടെയും നിർമ്മാണം പുരോഗമിക്കുന്നു. കലുങ്കുകളും പാലങ്ങളും ഉൾപ്പെടെയുള്ള ജോലികൾക്കായി ഇളക്കിയിട്ട റോഡിലൂടെയുള്ള യാത്ര മഴ കൂടി ആരംഭിച്ചതോടെ തീർത്തും ദുഷ്കരമായി. 
.........................................
ആകെ റീച്ച്: 03
അടങ്കൽത്തുക: 737. 64 കോടി
കോന്നി മുതൽ പ്ലാച്ചേരിവരെ: 30.16 കിലോമീറ്റർ
കരാർ തുക : 279 കോടി
പുനലൂർ മുതൽ കോന്നി വരെ: 29.84 കിലോമീറ്റർ
കരാർ തുക : 221 കോടി
പൊൻകുന്നം മുതൽ പ്ളാച്ചേരി വരെ: 22.11 കിലോമീറ്റർ
കരാർ തുക: 237.64 കോടി