
പടിഞ്ഞാറേകല്ലട : ദിവസേന വർദ്ധിച്ചുവരുന്ന തെരുവുനായ് ശല്യം കാരണം നാട്ടുകാർ പൊറുതിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തെരുവുനായ് ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ഐത്തോട്ടുവ കുന്നുവള്ളിൽ ദേവീക്ഷേത്രത്തിലെ കഴകം ജീവനക്കാരിയായ ആനന്ദവല്ലിയമ്മയെ (74) ക്ഷേത്ര വളപ്പിൽ തമ്പടിച്ചിരുന്ന തെരുവുനായ് സംഘം കൂട്ടത്തോടെ ആക്രമിക്കുകയും തലമുടി ഉൾപ്പടെ കടിച്ചു പറിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഗുരുതരാവസ്ഥയിലായ ആനന്ദവല്ലിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും ഭിന്നശേഷിക്കാരനുമായ ഐത്തോട്ടുവ പുളിമൂട്ടിൽ വീട്ടിൽ ആദിത്യൻ,തെരുവുനായ് ആക്രമണം ഭയന്ന് ഒാടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
റോഡിൽ വീണ് മുഖത്തും തലയ്ക്കുംപരിക്കുപറ്റിയതും അടുത്തിടെയാണ്.
വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല
ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത പണം കൊണ്ട് ഒരു
വരുമാന മാർഗ്ഗമെന്ന നിലയിൽ പോറ്റിവളർത്തുന്ന പശു, ആട്, കോഴി, താറാവ് എന്നിവയെ കൊന്നൊടുക്കുന്നതും തെരുവുനായ്ക്കളുടെ രാത്രികാല ക്രൂരതയാണ്. തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും നാട്ടുകാരുടെ ജീവന് സംരക്ഷണം നൽകേണ്ട അധികൃതർ ഇതിനെതിരെ പ്രതികരിക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
..........................................................................................................................
തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് തടയുന്നതിന്റെ ഭാഗമായി സർക്കാരിന്റെ അംഗീകൃത പദ്ധതിയായ വന്ധ്യംകരണം (ആനിമൽ ബർത്ത് കൺട്രോൾ) നടപ്പിലാക്കിയശേഷം ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ പുനരധിവാസ കേന്ദ്രങ്ങൾസജ്ജമാക്കേണ്ടത് അനിവാര്യമാണ്.
ഡോ.ഡി.നിഷ,
ഡപ്യുട്ടി ഡയറക്ടർ,
മൃഗസംരക്ഷണ വകുപ്പ്,
കൊല്ലം.