കൊല്ലം: കറൻസി കടത്തിലും സ്വർണ്ണക്കടത്തിലും മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണത്തിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാൻ പൊലീസിനെയും സി.പി.എം പ്രവർത്തകരെയും ഉപയോഗിച്ച് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലത്ത് ആർ.എസ്.പി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു നേരിട്ട് നൽകുന്ന നിർദ്ദേശങ്ങൾ അതേപടി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ മാത്രമാണ് ക്രമസമാധാന പാലനത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇച്ഛാനുസരണം പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളായി പൊലീസ് അധപതിച്ചിരിക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അന്വേഷണത്തിൽ നിന്നു രക്ഷപ്പെടാമെന്ന മിഥ്യാധാരണയിലാണ് പൊലീസിനെ കയറൂറി വിട്ടിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സിപിഎമ്മും പൊലീസും സംയുക്തമായി തെരുവിൽ കൈകാര്യം ചെയ്യുന്നത് ക്രമസമാധാന നില തകർക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് അവരെ ബന്ദിയാക്കി സ്വകാര്യ സുരക്ഷ സംവിധാനത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.