 
കൊല്ലം: വീടിനു മുൻവശം പരസ്യമദ്യപാനം ചോദ്യം ചെയ്യ്ത യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അച്ഛനും മകനും കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായി. നെടുമ്പന വലിയവിള ജംഗ്ഷന് സമീപം ചരുവിളപുത്തൻ വീട്ടിൽ ബാബുരാജൻ (58), മകൻ ബിനിൽരാജ് (26) എന്നിവരാണ് അറസ്റ്റിലായത്. പണി നടന്നുകൊണ്ടിരിക്കുന്ന തന്റെ വീടിനു മുൻവശം ബിനിൽരാജും കൂട്ടുകാരും ചേർന്ന് മദ്യപിക്കുന്നത് ഷൈജു ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്തിൽ രാത്രി 10.30ഓടെ മാരകായുധങ്ങളുമായി എത്തിയ ബിനിൽരാജ് ഷൈജുവിന്റെ നെറ്റിയിലും തലയിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബിനിലിന്റെ പിതാവായ ബാബുരാജനും സംഭവസ്ഥലത്തെത്തി ഷൈജുവിനെ ആക്രമിക്കാൻ ഒപ്പം കൂടി. ഷൈജു നൽകിയ പരാതിയിലാണ് അറസ്റ്റ്. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാർ, കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എസ്.സി.പി.ഒ പ്രജേഷ്, സി.പി.ഒമാരായ മനാഫ്, ആതിഫ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.