
കൊല്ലം: കെ.ആർ. നാരായണനെ ഇന്ത്യൻ രാഷ്ട്രപതിയാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് ജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ കെ.എൻ. മോഹൻലാൽ പറഞ്ഞു. നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് കേരളകൗമുദി പത്രം നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
1997ൽ പുതിയ രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ എന്തുകൊണ്ട് കെ.ആർ.നാരായണൻ ആയിക്കൂട എന്ന പേരിൽ കേരളകൗമുദി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. ഇത് ദേശീയതലത്തിൽ വലിയ ചർച്ചയായി. തുടർന്നാണ് കോൺഗ്രസ് അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത്. കേരളകൗമുദി മലയാള ഭാഷയ്ക്കും സംസ്കാരത്തിനും സാഹിത്യത്തിനും നൽകിയ സംഭാവനകൾ നിസ്തുലമാണ്. മുഖം മനസിന്റെ കണ്ണാടിയാണ്, അതുപോലെ സംസ്കാരത്തിന്റെ കണ്ണാടിയാണ് ഭാഷ. ഭാഷ നശിച്ചാൽ സംസ്കാരം ഇല്ലാതാകും. അത് സംഭവിക്കാതെ കേരളകൗമുദി ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുന്നു. വിദ്യാർത്ഥികൾ പത്രവായന ദിനചര്യയാക്കണം. ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ കുറിച്ചിടണം. ഇത് സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകൾക്ക് ഗുണം ചെയ്യും. അദ്ധ്യാപകർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ഡോ.എം.ആർ.സിബില അദ്ധ്യക്ഷയായി. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ഹൈസ്കൂൾ അദ്ധ്യാപകൻ ബി.ആർ.മനോജ് ആശംസ നേർന്നു. ഹെഡ്മാസ്റ്റർ എസ്.സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.എം.മനോജ് നന്ദിയും പറഞ്ഞു. കെ.എൻ.മോഹൻലാലാണ് സ്കൂളിൽ കേരളകൗമുദി പത്രം സ്പോൺസർ ചെയ്യുന്നത്.