 
കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്നുകിടക്കുന്ന കരുനാഗപ്പള്ളി - കല്ലുംമൂട്ടിൽക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. റോഡിന്റെ തകർന്ന ഭാഗങ്ങളിലെ ടാറിംഗ് നീക്കം ചെയ്യുന്ന ജോലികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. തകർന്ന് കാൽനട പോലും അസാദ്ധ്യമായ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. റോഡിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകൾ കേരള കൗമുദിയും പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 1.10 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ആദ്യ ടെണ്ടർ നടപടികളിൽ നിന്ന് കരാറുകാർ വിട്ടു നിന്നു. രണ്ടാം തവണയാണ് കരാറുകാരൻ അറ്റകുറ്റപ്പണി ഏറ്രെടുത്തത്.
ഓടയോളം റോഡ് ഉയരും
കരുനാഗപ്പള്ളി ടൗൺ മുതൽ കല്ലുംമൂട്ടിൽ കടവ് വരെ 3.50 കിലോമീറ്റർ ദൈർഘ്യമാണ് ഈ റോഡിനുള്ളത്. ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരുനാഗപ്പള്ളി ടൗൺ മുതൽ പടിഞ്ഞാറോട്ട് രണ്ട് കിലോമീറ്റർ മാത്രമാണ് നവീകരിക്കുന്നത്. ഇപ്പോഴത്തെ ഓടയും റോഡും തമ്മിൽ 15 സെന്റീമീറ്ററോളം ഉയരവ്യത്യാസമുണ്ട്. ഇതുകാരണം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ ഓടയ്ക്ക് തുല്യമായി റോഡ് ഉയരും. ഇതോടെ റോഡിന്റെ വീതി വർദ്ധിക്കുകയും വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി യാത്ര ചെയ്യാനും കഴിയും. അറ്റകുറ്റപ്പണിയുടെ ഭാഗമായി മെറ്റിൽ നിരത്തി റോഡ് ഉയർത്തിയ ശേഷമായിരിക്കും ടാറിംഗ്. സെപ്തംബർ അവസാനത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കുമെന്നാണ് പ്രതീക്ഷ.