photo
തേവലപ്പുറം സ്റ്റേഡിയം

കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ കായിക താരങ്ങളുടെ കാത്തിരിപ്പും പ്രതീക്ഷയുമായ തേവലപ്പുറം സ്റ്റേഡിയ നിർമ്മാണം ചുവപ്പുനാടയിൽ. സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ചത് ഫലം കാണുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വെളിയം, കുളക്കട,എഴുകോൺ പഞ്ചായത്തുകളിലും കുഴിമതിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനുമൊപ്പം കളി സ്ഥലങ്ങളൊരുക്കാൻ അഞ്ച് കോടി രൂപ നീക്കിവച്ച പദ്ധതിയിൽ തേവലപ്പുറം സ്റ്റേഡിയവുമുണ്ട്. പതിറ്റാണ്ടുകളായി പഞ്ചായത്തിന്റെ കളി സ്ഥലമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂമി റവന്യൂ വകുപ്പിന്റേതാണെന്ന് അടുത്തകാലത്താണ് വ്യക്തമായത്. ഇനി സ്റ്റേഡിയം നി‌ർമ്മിക്കണമെങ്കിൽ റവന്യൂ വകുപ്പിന്റെ അനുവാദം വേണം. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന സർക്കാർ പദ്ധതി പ്രകാരം തേവലപ്പുറത്തെ സ്റ്റേഡിയത്തിന് ഭൗതിക സാഹചര്യങ്ങളൊരുങ്ങുകയായിരുന്നു. റവന്യൂ ഭൂമി വിട്ടുകിട്ടിയില്ലെങ്കിൽ പുതിയ സ്ഥലം സ്റ്റേഡിയത്തിനായി കണ്ടെത്തണം. അതിന് കൂടുതൽ തുകയും ആവശ്യമാണ്.

ചെളിക്കുണ്ടാകുന്ന സ്റ്റേഡിയം

ഫുട് ബാൾ, ക്രിക്കറ്റ് കളികൾക്കായാണ് പ്രദേശത്തെ ചെറുപ്പക്കാർ അധികവും ഇവിടം ഉപയോഗിക്കുക. എന്നാൽ മഴക്കാലത്ത് സ്റ്റേഡിയം വെള്ളക്കെട്ടിലാകും. കളിക്കാതെ ഇട്ടിരുന്നാൽ കാട് മൂടുകയും ചെയ്യും. തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്ര കുളത്തിന് സമീപത്തായാണ് സ്റ്റേഡിയം. ഇതിന്റെ ഒരു വശത്തുകൂടി മണ്ണ് റോഡുമുണ്ട്. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സ്റ്റേഡിയത്തിന് സംരക്ഷണമൊരുക്കേണ്ടതുണ്ട്. സ്ഥല പരിമിതിയും നിലനിൽക്കുകയാണ്. കൂടുതൽ ഭൂമി ഏറ്റെടുത്താൽ മാത്രമേ മിനി സ്റ്റേഡിയമായെങ്കിലും പ്രയോജനപ്പെടുത്താനാകൂ.

.

"ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്നതാണ് ലക്ഷ്യം. നെടുവത്തൂർ പഞ്ചായത്തിനും കളിസ്ഥലം ഒരുക്കും. ചെറുപ്പക്കാരുടെ ആരോഗ്യത്തിനും വിനോദത്തിനും കളിസ്ഥലങ്ങൾ അനിവാര്യമാണ്. പ്രഭാത സവാരികൾക്കുൾപ്പടെ ഉപയോഗിക്കാൻ എല്ലാവർക്കും കഴിയണം. തേവലപ്പുറം സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ ഇടപെടും. "- കെ.എൻ.ബാലഗോപാൽ, മന്ത്രി