 
കൊല്ലം: മലയാള ഭാഷാദ്ധ്യാപനത്തിൽ ഗവേഷണോന്മുഖ അദ്ധ്യാപനരീതി അവലംബിച്ച മാതൃകാദ്ധ്യാപകനായിരുന്നു കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ.ജി.പത്മറാവു എന്ന് സാഹിത്യ വിമർശകൻ ഡോ.കെ.പ്രസന്നരാജൻ പറഞ്ഞു. പേഴുംതുരുത്ത് യുവശക്തി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡോ.ജി.പത്മറാവു ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി അരുണഗിരി അദ്ധ്യക്ഷനായിരുന്നു. ഡോ.ജി.പത്മറാവുവിന്റെയും തൊട്ടടുത്ത ദിവസം അന്തരിച്ച മാതാവ് പ്രിയംവദയുടെയും ഓർമ്മച്ചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. ഡോ.കെ.ശ്രീരംഗനാഥൻ, കേരളശബ്ദം പത്രാധിപർ ആർ.പവിത്രൻ, എസ്.എൻ വനിതാകോളേജ് പ്രിൻസിപ്പൽ സുനിൽകുമാർ, എസ്.നാസർ, എസ്.ഷിബു, ആശ്രാമം ഓമനക്കുട്ടൻ, എം.ആർ.ജീവൻലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആറ്റുപുറത്ത് സുരേഷ്, വി.എസ്.പ്രസന്നകുമാർ, അഡ്വ. പനമ്പിൽ എസ്.ജയകുമാർ, രവികുമാർ, സജയൻ, ശ്യാംദേവ് ശ്രാവണം, ഡോ.ഷീലാകുമാരി തുടങ്ങിയവർ സംസാരിച്ചു.