കൊല്ലം: കല്ലുപാലം നിർമ്മാണം അനന്തമായി നീളുന്നതിലും കരാറുകാരന് നിയമവിരുദ്ധമായി പണം അനുവദിക്കുന്നുവെന്ന് ആരോപിച്ചും ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സി. എൻജിനീയറെ ഉപരോധിച്ചു. ഇന്നലെ വൈകിട്ട് 3ന് ആരംഭിച്ച ഉപരോധം ഒന്നര മണിക്കൂർ നീണ്ടു. ഈസ്റ്റ് പൊലീസെത്തി നടത്തിയ അനുരഞ്ജന ചർച്ചയിൽ വൈകാതെ നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മോൻസി ദാസ്, ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം, വൈസ് പ്രസിഡന്റുമാരായ ജെയിംസ്, ശ്രീകുമാർ, പ്രവർത്തകരായ അനിൽ, ബിനോയ് മാത്യു, ജയൻ, കിരൺ ദാസ് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.