മനുഷ്യപരിണാമവും, അതിജീവനത്തിനായി അവർ സഞ്ചരിച്ച വഴികളും, ഒടുവിൽ കുടിയേറി പാർത്ത ഇടങ്ങളും തുടങ്ങി ജനിച്ചുവളർന്ന നാടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും ഒരു കവിത പോലെ പറയുന്ന മനുഷ്യൻ. അതാണ് കൊല്ലം എസ്.എൻ കോളേജിലെ മുൻ ഹിസ്റ്ററി വിഭാഗം അദ്ധ്യാപകനും ചരിത്ര ഗവേഷകനുമായ പ്രൊഫ. ജി. രാജു. കൊല്ലത്തിന്റെ ചരിത്രമെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ തുടങ്ങുന്നത് ക്രിസ്തുവർഷത്തിന് മുൻപുള്ള നുറ്റാണ്ടുകളിൽ നിന്നായിരിക്കും. അന്നത്തെ ജനതയുടെ സംസ്കാരത്തിൽ നിന്നും ആചാരങ്ങളിൽ നിന്നുമായിരിക്കും. ഇങ്ങനെ ഓരോ ദേശത്തിന്റെയും വികാസപരിണാമങ്ങൾ അടുക്കി സൂക്ഷിച്ചിരിക്കുന്ന അതിബൃഹത്തായ ഗ്രന്ഥശാലയാണ് പ്രൊഫ. ജി.രാജുവിന്റെ ഹൃദയം. ചരിത്രം അദ്ദേഹം വെറുതെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുകയല്ല. ഓരോ ചരിത്രഘട്ടങ്ങളിൽ നിന്നും പുതു ചരിത്ര രചനയ്ക്ക് അദ്ദേഹം നിരന്തരം ഗവേഷണം നടത്തുന്നു. അതുകൊണ്ട് അദ്ദേഹത്തെ വേണമെങ്കിൽ ജീവനുള്ള ചരിത്ര പുസ്തകമെന്നും വിശേഷിപ്പിക്കാം.
വിവിധ എസ്.എൻ കോളേജുകളിലെ അതിദീർഘമായ അദ്ധ്യാപന ജീവിതം അവസാനിച്ച ശേഷമാണ് പ്രൊഫ. ജി. രാജു ചരിത്ര രചയിതാവും ഗവേഷകനുമായി മാറിയത്. വിരമിച്ചപ്പോൾ നിരവധി സമാന്തര സ്ഥാപനങ്ങളിൽ നിന്നും അദ്ധ്യാപകനാകാൻ ക്ഷണമെത്തി. അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. അദ്ധ്യാപക വിദ്യാർത്ഥി സംവേദനം ക്രിയാത്മകമാകാൻ വലിയ ജനറേഷൻ ഗ്യാപ്പ് പാടില്ലെന്നാണ് രാജു സാറിന്റെ പക്ഷം. ഈ ചിന്തയാണ് വിരമിച്ചതിന് ശേഷമുള്ള അദ്ധ്യാപനത്തിൽ നിന്നും അദ്ദേഹത്തെ അകറ്റിയത്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് എഴുതുക വായിക്കുക എന്ന തീരുമാനത്തിലേക്ക് അദ്ദേഹമെത്തി. അത് ഫലത്തിൽ നാടിന്റെ ഭൂതകാലങ്ങളിൽ വെളിച്ചം പരത്തുന്ന പ്രക്രിയയുടെ തുടക്കമായി മാറി. എസ്.എൻ കോളേജിലെ പഴയ വിദ്യാർത്ഥികളുടെ മനസിൽ രാജു സാർ ഹീറോയാണ്. പക്ഷെ താൻ ഒരു  മികച്ച അദ്ധ്യാപനായിരുന്നു എന്ന് അവകാശപ്പെടുന്നില്ല എങ്കിലും മോശപ്പെട്ട അദ്ധ്യാപകൻ ആയിരുന്നില്ല എന്ന് സ്വയം വിലയിരുത്തുന്നു.
ഉഴപ്പി നടന്ന വിദ്യാർത്ഥികാലം
മയ്യനാട് വെള്ളമണൽ,സ്കൂൾ, മയ്യനാട് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രൊഫ. ജി. രാജുവിന്റെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് കൊല്ലം എസ്.എൻ കോളേജിൽ നിന്നു പ്രീ യൂണിവേഴ്സിറ്റിക്ക് ശേഷം പൊളിറ്റിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. രണ്ടാം വർഷ എം.എക്ക് പഠിക്കുമ്പോൾ പ്രിൻസിപ്പൽ ശ്രീനിവാസൻ സാറാണ് ഇന്ത്യൻ ഭരണഘടന പഠിപ്പിച്ചിരുന്നത്. അവസാനവർഷ പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയ ക്ലാസ് ടെസ്റ്റ് ജി. രാജു നന്നായി എഴുതി. ഉത്തരക്കടലാസിൽ ശ്രീനിവാസൻ സാർ എഴുതിയ 'പ്രോമിസിംഗ് ' എന്ന കുറിപ്പ് ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിധിയായി പ്രൊഫ. ജി. രാജു മനസിൽ സൂക്ഷിച്ചിരിക്കുകയാണ്. പക്ഷേ അവസാന പരീക്ഷയിൽ അല്പം ഉഴപ്പി. രാത്രി 9 മണി വരെ കൂട്ടുകാർക്കൊപ്പം ചീട്ടുകളിച്ചിട്ടാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. സഹപാഠികളും അദ്ധ്യാപകരും ഫസ്റ്റ് ക്ലാസ് പ്രതീക്ഷിച്ചിരുന്ന രാജു അതുകൊണ്ട് തന്നെ സെക്കണ്ട് ക്ലാസിലൊതുങ്ങി. അതുകഴിഞ്ഞ് എം.എ ഹിസ്റ്ററി മികച്ച മാർക്കിൽ പ്രൈവറ്റായി പാസായ ഉടൻ ചേർത്തല എസ്.എൻ കേളേജിൽ അദ്ധ്യാപകനായി പ്രവേശിച്ചു. 76 മുതൽ 90 വരെ കൊല്ലം എസ്.എൻ കോളേജിലായിരുന്നു. പിന്നീട് മൂന്ന് വർഷം പുനലൂർ എസ്.എൻ കോളേജിൽ. പിന്നീട് കൊല്ലം എസ്.എൻ കോളേജിൽ മടങ്ങിയെത്തി 2001ൽ വിരമിച്ചു. ഇതിനിടെ കേരള സർവകലാശാല സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
മലേഷ്യൻ യാത്രയിൽ തുടക്കം
99ലെ മലേഷ്യൻ യാത്രയിലാണ് ജി. രാജുവിന്റെ മനസിൽ ആദ്യ പുസ്തകമായ ഗ്ലിംസസ് ഓഫ് ദി ട്വന്റിയത് സെഞ്ച്വറിയുടെ ബീജം മുളയ്ക്കുന്നത്. മൂത്ത സഹോദരിയും കുടുംബവും മലേഷ്യയിലാണ്. സഹോദരിക്ക് അസുഖം മൂർച്ഛിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു മലേഷ്യൻ യാത്ര. അതൊരു തുടക്കമായിരുന്നു. അതിന് ശേഷം എല്ലാവർഷവും ഒന്നോ രണ്ടോ വിദേശയാത്ര ചെയ്യുമായിരുന്നു. മകൻ സിംഗപ്പൂരിൽ പഠിക്കാൻ പോയതോടെ അവിടേക്ക് ഇടയ്ക്കിടെ യാത്ര ചെയ്തു. ചൈന, നേപ്പാൾ, തായ്ലൻഡ്, കമ്പോഡിയ, സിലോൺ അടക്കം 25 രാജ്യങ്ങൾ ഇതിനോടകം സഞ്ചരിച്ചു. കൊവിഡ് പരന്നതോടെ വിരാമമിട്ട യാത്ര വീണ്ടും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
ചരിത്രമയം
ഈജിപ്തിലെ മനുഷ്യർ നിർമ്മിച്ച അദ്യ ക്ഷേത്രമാണ് കർണാക്. പ്രൊഫ. ജി. രാജുവിന്റെ മുണ്ടയ്ക്കലുള്ള വസതിക്ക് കർണാക് എന്നാണ് പേരിട്ടിരിക്കുന്നത്. പിതാവ് മയ്യനാട് കണ്ടനാവട്ടം കുടുംബാംഗം ആർ. ഗോപാലനും അമ്മ ആദിച്ചനല്ലൂർ പാലവിള കുടുംബാംഗം കെ. വാസന്തിയും അദ്ദേഹത്തിന്റെ ചരിത്ര കൃതികളിലെ കഥാപാത്രങ്ങളാണ്. ജൂത ചരിത്ര പഠനത്തിനിടയിൽ ഹൃദയത്തിൽ ഉടക്കിയ റാബിൻ എന്ന പേര് മൂത്തമകനിട്ടു. ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ പുരാതന സംസ്കാരമായ മിനോൺ സംസ്കാരം. അവിടുത്തെ രാജാവ് അറിയപ്പെട്ടിരുന്നത് മിനോൺ എന്ന പേരിലാണ്. ഈ പേരാണ് രണ്ടാമത്തെ മകന്. മിനോൺ സൗദി എയർവെയ്സിൽ എക്സിക്യൂട്ടിവ് ഷെഫ് ആണ്. ഭാര്യ ആർച്ച വക്കീലാണ്. മെലണി മിനോൺ, മാനവ് മിനോൺ എന്നിവരാണ് മക്കൾ.
കൊല്ലം എസ്.എൻ വനിതാ കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസറായിരുന്ന ബി.പി. ബീനാകുമാരിയാണ് ഭാര്യ. റാബിൻ സിംഗപ്പൂരിൽ എൻജിനിയറാണ്. റാബിന്റെ ഭാര്യ പാർവ്വതിയും മക്കളായ ആര്യൻ, നന്ദിത എന്നിവരും സിംഗപ്പൂരിലാണ്.
പുസ്തകങ്ങൾ
ഗ്ലിംസസ് ഓഫ് ദി ട്വന്റിയത് സെഞ്ച്വറി
ഇരുപതാം നൂറ്റാണ്ടിൽ നിന്നും 21ലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ജി. രാജുവിന്റെ മലേഷ്യൻ യാത്ര. ഈ ഘട്ടത്തിൽ ലോകമാകെ സ്തംഭിക്കുമെന്ന ഭീതി പരന്നിരുന്നു. കമ്പ്യൂട്ടറുകളെല്ലാം സ്തംഭിക്കുമെന്നും പല സാങ്കേതികവിദ്യകളും അപ്രസക്തമാകുമെന്നും പ്രചരണമുണ്ടായി. ഈ അഭ്യൂഹം ഇതുവരെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കണമെന്ന ചിന്ത അദ്ദേഹത്തിന്റെ മനസിൽ ഉടലെടുത്തു. അതിന്റെ ഭാഗമായി 1900 മുതൽ 99 വരെ കേരളത്തിലും രാജ്യത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നിട്ടുള്ള സംഭവങ്ങൾ,രാഷ്ട്രീയ ചലനങ്ങൾ, ഏറ്റുമുട്ടലുകൾ, കണ്ടുപിടുത്തങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി 'ഗ്ലിംസസ് ഓഫ് ദി ട്വന്റിയത് സെഞ്ച്വറി" രചിക്കുകയായിരുന്നു.
വംശവൃക്ഷം
ആദിച്ചനല്ലൂരിലെ പ്രസിദ്ധമായ കുടുംബമാണ് പാലവിള. കുട്ടിക്കാലത്ത് കുടുംബത്തിലെ പഴയ തലറമുറയിലുള്ളവരുടെ കഥകൾ കേട്ടാണ് പ്രൊഫ. ജി. രാജു വളർന്നത്. ആദ്യപുസ്തകം പുറത്തിറങ്ങിയപ്പോൾ അമ്മയുടെ കുടുംബത്തിലെ കഥകളിലേക്ക് പോകണമെന്ന് തോന്നി. അങ്ങനെയാണ് പാലവിള കുടുംബത്തിന്റെ ചരിത്രമായ വംശവൃക്ഷം എന്ന പുസ്തകത്തിന്റെ പിറവി. പത്ത് തലമുറയെക്കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. പുസ്തക രചനയ്ക്കായി കുടുംബത്തിലെ മുതിർന്നവരുടെ വീടുകൾ കയറിയിറങ്ങുന്നതിനിടയിൽ പാലവിള കുടുംബത്തിന്റെ ആദ്യഭാഗപത്ര ഉടമ്പടി കൈയിൽ കിട്ടി. അത് ആധാരം എഴുത്തുകാരുടെ സഹായത്തോടെ വായിച്ചെടുത്താണ് ഈ പുസ്തകം സമഗ്രമാക്കിയത്.
ഈഴവരുടെ അഭിജാത വംശ പാരമ്പര്യം; മയ്യനാടിന്റെ കാല്പാടുകൾ
അമ്മയുടെ കുടുംബ ചരിത്രം പൂർത്തിയാക്കിയപ്പോൾ അച്ഛന്റെ കുടുംബ ചരിത്രം എഴുതുന്നതിനെക്കുറിച്ചുള്ള ചിന്ത തുടങ്ങി. അതിനായി മയ്യനാട്ടെ ഒട്ടുമിക്ക കുടുംബങ്ങളും പലതവണ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു. ആ കുടുംബങ്ങളെല്ലാം പരസ്പരം ബന്ധുക്കളായിരുന്നു. അതുമാത്രമല്ല ഈഴവ സമുദായത്തിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നായിരുന്നു മയ്യനാട്. അതുകൊണ്ട് തന്നെ ഈ പുസ്തകം മയ്യനാടിന്റെയും ഈഴവ സമുദായത്തിന്റെയും അഭിജാത പാരമ്പര്യം വിവരിക്കുന്ന അത്ഭുതഗ്രന്ഥമായി മാറി. സി.വി. കുഞ്ഞുരാമൻ, സി. കേശവൻ, കെ. സുകുമാരൻ, കെ. ദാമോദരൻ അടക്കമുള്ള പ്രമുഖർ ഈ പുസ്തകത്തിലെ കഥാപാത്രങ്ങളായി കടന്നുവരുന്നു. 780 ൽ പരം താളുകളുള്ള ഈ ബൃഹത് ഗ്രന്ഥം  ആറ് വർഷത്തിലേറെയെടുത്താണ് പൂർത്തിയാക്കിത്.
കേരളീയരുടെ അടിവേരുകൾ ബുദ്ധമതത്തിന്റെ അടരുകളിലൂടെ
ഇനിയും അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് കേരളീയരുടെ അടിവേരുകൾ ബുദ്ധമതത്തിന്റെ അടരുകളിലൂടെയെന്ന പുസ്തകം. കേരളത്തിലെ ബുദ്ധമതത്തിന്റെ വ്യാപനവും ഇവിടുത്തെ ജനതയ്ക്ക് അതിലൂടെ ഉണ്ടായ മുന്നേറ്റവും ഈ പുസ്തകം വ്യക്തമാക്കുന്നു. പിന്നീട് ചാതുർവർണ്യത്തിന്റെ ദ്രംഷ്ടകളിൽ ബുദ്ധമതം ഞെരിഞ്ഞമരുന്നതും ദൃശ്യാനുഭവത്തോടെ വിവരിക്കുന്നു.
വീണ്ടും പണിപ്പുരയിൽ
ഇന്ത്യയിലേക്കും കേരളത്തിലേക്കും വന്ന വിദേശ സഞ്ചാരികളെയും കച്ചവടക്കാരെയും കുറിച്ച് നിലവിലുള്ള ചരിത്രം വിശദമായി പറയുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപേ കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് പോയവരുണ്ട്. അവരെക്കുറിച്ചാണ് പ്രൊഫ. ജി. രാജുവിന്റെ പുതിയ പുസ്തകം. അതിന്റെ ഗവേഷണത്തിലാണ് ഇപ്പോൾ.
പ്രൊഫ. ജി. രാജുവിന്റെ വെബ് സൈറ്റ്: www. rajukarnak.com