 
പുനലൂർ: തെന്മലകാണാനെത്തുന്ന സഞ്ചാരികൾക്ക് ഒന്ന് വിശ്രമിക്കാനോ, മൂത്രശങ്കയകറ്റാനോ ഇടമില്ല. സഞ്ചാരികൾ പലതവണ പരാതി പറഞ്ഞിട്ടും അധികൃതർക്ക് ഇക്കാര്യത്തിൽ യാതൊരു കുലുക്കവുമില്ല.
തെന്മല ഇക്കോ ടൂറിസം മേഖലയിലെ ഉല്ലാസ ബോട്ട് യാത്രക്കെത്തുന്നവരാണ് അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഏറ്റവുമധികം വിഷമിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും ഇവിടേക്ക് എത്തുന്നത്.
വകുപ്പുകൾ തമ്മിലടി
വനം, ഇറിഗേഷൻ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് താത്ക്കാലിക ബോട്ട് യാർഡുള്ളത്. സ്ഥലത്ത് സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ തടസമാകുന്നത് രണ്ട് വകുപ്പുകൾ തമ്മിലുള്ള ശീത സമരമാണെന്നാണ് വിവരം. വനം വകുപ്പ് പത്ത് വർഷം മുമ്പ് സഞ്ചാരികൾക്ക് വിശ്രമിക്കാൻ യാർഡിന് സമീപത്തെ റോഡിനോട് ചേർന്ന് ടാർപ്പാളിൻ വലിച്ച് കെട്ടി താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ഇറിഗേഷൻ വകുപ്പ് ഇടപെട്ട് ഷെഡ് പൊളിച്ചു നീക്കി. അതുപോലെ ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ നിന്ന് എർത്ത് ഡാമിലേക്ക് കടന്ന് പോകുന്ന രണ്ട് റോഡുകളിലും ഇറിഗേഷൻ വകുപ്പ് ഗേറ്ര് വച്ചു. വിനോദസഞ്ചാരികൾ ഗേറ്റുകൾക്ക് സമീപം വാഹനം നിറുത്തി നടന്ന് വേണം ബോട്ട് യാർഡിൽ എത്താൻ. ഈ തർക്കത്തിന് പരിഹാരം കാണാൻ അഞ്ച് വർഷം മുമ്പ് രണ്ട് വകുപ്പുകളും തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ലക്ഷങ്ങളുടെ വരുമാനമുണ്ട് , പക്ഷേ...
കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് ആഴ്ചവരെ വിനോദ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു. ഇക്കോ ടൂറിസത്തിന്റെ നിയന്ത്രണത്തിലുള്ള ഉല്ലാസ ബോട്ട് യാത്രക്ക് ഒരാൾക്ക് 270 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. മുമ്പ് ഒരു മണിക്കൂർ ബോട്ട് യാത്രയായിരുന്നത് ഇപ്പോൾ അത് അര മണിക്കൂറാക്കി ചുരുക്കി. ഡീസൽ വില വർദ്ധനവിനെ തുടർന്നാണ് ദൈർഘ്യം കുറച്ചതെന്നാണ് അധികൃതർ പറയുന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുട്ട വഞ്ചി യാത്രക്ക് 100രൂപ ടിക്കറ്റാണ്.
ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണ് സഞ്ചാരികളെ ദുരിതത്തിലാക്കുന്നത്.
തെന്മല എർത്ത് ഡാമിലെ ബോട്ട് യാർഡിൽ എത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഒരു താത്ക്കാലിക ഷെഡ് പണിത് നൽകണം. മറ്റ് അത്യാവശ്യ സൗകര്യങ്ങളുമൊരുക്കണം. ഇതിന് ബന്ധപ്പെട്ടവർ മുൻ കൈയെടുത്ത് പ്രവർത്തിക്കണം
ഉറുകുന്ന് സന്തോഷ്, എൻ.സി.പി തെന്മല മണ്ഡലം പ്രസിഡന്റ്
കുട്ട വഞ്ചി യാത്രക്കാർക്കും മറ്റു വിനോദ സഞ്ചാരികൾക്കും വിശ്രമിക്കാൻ ഒരു താത്ക്കാലിക ഷെഡ് നിർമ്മിക്കാൻ ആലോചനയുണ്ട്. ഇത് സംബന്ധിച്ച് എഫ്.ഡി.എ മീറ്റിംഗിൽ കത്തു നൽകും.
അനി,തെന്മല ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ