phot
കാട്ട് പന്നി ഇടിച്ച് കാൽ ഒടിഞ്ഞ ബേക്കറി വ്യാപാരി നിഷാദ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ

പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയ പാതയിലൂടെ കടന്ന് പോയ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. ഉറുകുന്ന് ജംഗ്ഷനിൽ ബേക്കറി കച്ചവടം നടത്തുന്ന നെല്ലിവിള വീട്ടിൽ നിഷാദ്(38),ഭാര്യഷാജിമ (34) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.14ന് രാത്രി 11മണിയോടെയായിരുന്നു സംഭവം. വെള്ളിമലയിലെ സഹോദരിയെ സന്ദർശിച്ച ശേഷം ദമ്പതികൾ ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ഉറുകുന്ന് കോളനി ജംഗ്ഷന് കിഴക്ക് ഭാഗത്ത് നിന്ന് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപവാസികൾ കാലിന് പരിക്കേറ്റ നിഷാദിനെയും ഭാര്യയെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവ് വിളക്കുകൾ കത്തുന്നില്ല

ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞു. കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർ ആശങ്കയോടെയാണ് ഇതുവഴി നടന്ന് പോകുന്നത്. ദേശീയ പാതയോരത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി നേതാക്കൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. ഇനിയും തെരുവ് വിളക്ക് പ്രകാശിപ്പിക്കാൻ നടപടിയില്ലെങ്കിൽ തെന്മല പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ ആരംഭിക്കുമെന്ന് എൻ.സി.പി തെന്മല മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉറുകുന്ന്, വൈസ് പ്രസിഡന്റ് സുധീർ സോമരാജൻ,സെക്രട്ടറി സുലൈമാൻ എന്നിവർ അറിയിച്ചു.