clean
ആഞ്ഞിലിമൂട്ടിൽ മീൻചന്തയോട് ചേർന്ന് പൊട്ടിയൊഴുകുന്ന സെപ്റ്റിക് ടാങ്ക്

പടിഞ്ഞാറേകല്ലട : ശാസ്താംകോട്ടയ്ക്ക് സമീപത്തെ ആഞ്ഞിലിമൂട് ജംഗ്ഷൻ പരാധീനതകളാൽ വീർപ്പുമുട്ടുകയാണ്. പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിലെ പ്രധാന മത്സ്യ, മാംസ,പച്ചക്കറി വിൽപ്പന കേന്ദ്രം കൂടിയായ ഇവിടെ ആളൊഴിഞ്ഞ നേരമില്ല.

ചവറ ഭരണിക്കാവ് സംസ്ഥാനപാതയിൽ കരുനാഗപ്പള്ളി -​ ശാസ്താംകോട്ട റോഡും പതാരം - ആഞ്ഞിലിമൂട് റോഡും ഈ ജംഗ്ഷനിലാണ് ഒത്തുചേരുന്നത്. ദിവസേന നൂറുകണക്കിനാളുകൾ സാധനങ്ങൾ വിൽക്കാനും വാങ്ങാനും മറ്റുആവശ്യങ്ങൾക്കുമായി എത്തുന്ന ഇവിടം പലവിധ പ്രശ്നങ്ങൾക്ക് നടുവിലാണ്.

1.ഹൈമാസ്റ്റിന് തെളിച്ചമില്ല

ആഞ്ഞിലിമൂട് ജംഗ്ഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റും മരങ്ങൾ കാടുപിടിച്ച് നിൽക്കുകയാണ്. ഇതുകാരണം തറയിൽ വീഴുന്നത് മങ്ങിയ വെളിച്ചം മാത്രം. നാല് ലൈറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് കത്തുന്നത്. രാത്രിയിൽ കടകൾ അടച്ചുകഴിഞ്ഞാൽ ഇവിടെ വെളിച്ചം തീരെ ഇല്ലെന്ന് തന്നെ പറയാം. സാമൂഹ്യവിരുദ്ധരാണ് ഈഅവസരം മുതലാക്കുന്നത്.

2. ദുർഗന്ധത്തിന്റെ സെപ്റ്റിക് ടാങ്ക്

മീൻചന്തയോട് ചേർന്ന് റോഡരികിലെ സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നത് കാരണം പ്രദേശമാകെ ദുർഗന്ധ പൂരിതമാണ്. മഴക്കാലമായതോടെ മൂക്കുപൊത്താതെ പ്രദേശത്ത് അർക്കും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ അജോയ് ഫിലിപ്പ് സാക്ഷ്യപ്പെടുത്തുന്നു. പലവിധ രോഗങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് ഭീതിയോടെയാണ് നാട്ടുകാർ ഇതുവഴി കടന്നുപോകുന്നത്.

3.കാത്തിരിപ്പ് കടത്തിണ്ണയിൽ

ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്ന് ശാസ്താംകോട്ട ഭാഗത്തേക്ക് പോകുന്ന ബസ് യാത്രക്കാർക്കായി ഇവിടെ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. മഴയത്തും വെയിലത്തും യാത്രക്കാർ ആശ്രയിക്കുന്നത് കടത്തിണ്ണകളെയാണ്. മുമ്പുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം റോഡ് വികസനവുമായി ബന്ധപ്പെട്ട്

പൊളിച്ചുമാറ്റി. പകരം ഇതുവരെ നിർമ്മിച്ചിട്ടില്ല.

4. 'ശങ്ക'യ്ക്ക് ഇടമില്ല

നിരവധി വ്യാപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെ ദിവസേന നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ഒരു പൊതുകക്കൂസ് അത്യാവശ്യമാണ്.

നിലവിൽ മീൻചന്തയോട് ചേർന്ന് ഒരു പൊതുകക്കൂസ് ഉണ്ടെങ്കിലും അത്

ആഞ്ഞിലിമൂട് സെന്റ് തോമസ്ചർച്ച് വകയാണ്. അത് മീൻചന്തയിലെ തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്ന് സെന്റ് തോമസ് ചർച്ച് ട്രസ്റ്റി

ഷൈൻ ജോസഫ് പറയുന്നു.

5. വെള്ളക്കെട്ട് രൂക്ഷം

ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള ഓട അടഞ്ഞുകിടക്കുന്നത് കാരണം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. മഴവെള്ളം ഇങ്ങനെ കെട്ടിനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെന്ന് ഓട്ടോഡ്രൈവറായ സുധീർ പറയുന്നു. ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള മൈനാഗപ്പള്ളി റോഡിലെ ഓടയുമായി ബന്ധിപ്പിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.

..................................................................................................................

ആഞ്ഞിലിമൂട് ജംഗ്ഷനിലെ പ്രശ്നങ്ങൾക്ക് അധികം താമസിയാതെ

പരിഹാരം കാണും.

ആർ. ഗീത,​ പ്രസിഡന്റ്,​ ശാസ്താംകോട്ട പഞ്ചായത്ത്