കൊല്ലം: റെയിൽവേ സ്റ്റേഷനിൽ തോന്നിയപോലെ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് പതിവായതോടെ യാത്രക്കാരും കരാറുകാരുടെ പ്രതിനിധികളും തമ്മിലുളള തർക്കങ്ങളും പതിവായി. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ വർഷം പാർക്കിംഗ് ഫീസ് ഇല്ലായിരുന്നു.
ഇക്കൊല്ലം ഇത് പുനരാരംഭിച്ചപ്പോഴാണ് കരാറുകാരുടെ കടുംവെട്ടു തുടങ്ങിയത്. ദിവസ, മാസ അടിസ്ഥാനത്തിൽ പാർക്കിംഗ് ഫീസ് വാങ്ങിയിരുന്നിടത്ത് ഇപ്പോൾ മാസാടിസ്ഥാനത്തിൽ ഫീസ് വാങ്ങാൻ കരാറുകാർ തയ്യാറാകുന്നില്ല. ഇരുചക്ര വാഹനങ്ങൾക്ക് കൊവിഡിനു മുൻപുമുതൽ റെയിൽവേ നിശ്ചയിച്ചിരിക്കുന്ന ഫീസ് 200 രൂപയാണ്. പിരിവ് പുനരാരംഭിച്ചപ്പോൾ കരാറുകാർ ഇത് ഒറ്റയടിക്ക് 360 രൂപയാക്കി, 160 രൂപയുടെ വർദ്ധന! മാത്രമല്ല, മാസം അടിസ്ഥാനമാക്കി ഫീസ് വാങ്ങി പാസ് നൽകാനും കരാറുകാർ തയ്യാറാകുന്നില്ല. ഇതിനായി സമീപിക്കുന്നവരെ മുട്ടാത്തർക്കങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്. ഒന്നാം തീയതി ഫീസ് അടയ്ക്കാൻ ചെന്നാൽ അഞ്ചാം തീയതി കഴിഞ്ഞ് വരാൻ പറയും. ആറിന് എത്തുമ്പോൾ തലേന്ന് ക്ളോസ് ചെയ്തതായി പറയും.
ആയിരത്തിന് മുകളിൽ വാഹനങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്നുണ്ട്. സ്റ്റേഷന്റെ രണ്ടാം കവാടത്തിൽ വാഹനങ്ങൾ തടഞ്ഞു നിറുത്തി ഫീസ് നൽകുന്നവരെ മാത്രം അകത്തേക്ക് കടത്തി വിടുന്നതും പ്രശ്നങ്ങൾക്കിടയാക്കുന്നു. തിരക്കിട്ട് ട്രെയിനിൽ പോകാൻ എത്തുന്നവരാണ് വലയുന്നത്. സ്റ്റേഷന് പുറത്ത് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കേടു വരുത്തുന്നതും പതിവായിട്ടുണ്ട്.
# നഷ്ടക്കണക്ക്
ഒരു മാസത്തെ ഫീസ് ഒന്നിച്ചു വാങ്ങിയാൽ നഷ്ടമാണെന്നാണ് കരാറുകാരുടെ ന്യായം. 24 മണിക്കൂർ നേരത്തേക്ക് ടൂവീലറുകൾക്ക് 20- 30 രൂപ വരെ ഫീസ് ഈടാക്കും. അതു കഴിഞ്ഞാൽ 50 രൂപയാകും. മൂന്നു ദിവസമായാൽ 100ന് മുകളിലെത്തും. നാലുചക്ര വാഹനങ്ങൾക്ക് ദിവസം 50- 60 രൂപയാണ്.
........................................
പാർക്കിംഗുമായി ബന്ധപ്പെട്ട പരാതികൾ റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ പരാതി ബുക്കിൽ രേഖപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല. യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം
അഭിലാഷ് ചാമക്കാല, റെയിൽവേ യാത്രക്കാരൻ