കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള വാരണാസിയിലെ സത്രവും ധർമ്മശാലയും നവീകരിക്കാൻ കേരളത്തിലെ എം.പിമാർ ഇടപെടണമെന്ന് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ ചെയർമാൻ ആർ.ഷാജിശർമ്മയും കൺവീനർ ആനയറ ചന്ദ്രനും ആവശ്യപ്പെട്ടു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഏക്കറുകണക്കിന് സ്ഥലം തിരുവിതാംകൂർ രാജകുടുംബത്തിനുണ്ടായിരുന്നു. പിന്നീട് ദേവസ്വം ബോർഡ്‌ രൂപീകരിച്ചപ്പോൾ ബോർഡിന്റെ നിയന്ത്രണത്തിലായി. കാലക്രമേണ സത്രവും ധർമ്മശാലയും സ്ഥിതിചെയ്യുന്ന പതിനൊന്ന് സെന്റ് ഒഴികെ ബാക്കിസ്ഥലം സ്വകാര്യവ്യക്തികൾ കൈയേറി. ഏഴ് സെന്റിൽ തകർന്നടിഞ്ഞ പതിനെട്ട് മുറികളുള്ള എട്ടുകെട്ടും നാല് സെന്റിലുള്ള ധർമ്മശാലയിൽ പത്ത് മുറികളുള്ള കൊട്ടാരവും തകർന്ന അവസ്ഥയിലാണ്.

എട്ടുകെട്ടിലെ ഒരുമുറിയിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ ബോർഡിന്റെ മേൽനോട്ടത്തിൽ നിത്യപൂജയും നടന്നുവരുന്നു. സാമ്പത്തിക പരാധീനതയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും അനുകൂല്യങ്ങൾ പോലും മുടങ്ങിയിരിക്കുകയാണ്. വാരണാസിയിലെ പാർലമെന്റ് അംഗംകൂടിയായ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ എം.പിമാർ എത്തിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.