കൊല്ലം: കോർപ്പറേഷൻ കാവനാട് സോണൽ ഓഫീസിലെ ചെയിൻമാനും കേരള കോർപ്പറേഷൻ ആൻഡ് മുനിസിപ്പൽ സ്റ്റാഫ് സംഘം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ബി. പ്രദീപിനെ സൂപ്രണ്ട് മർദ്ദിച്ചതായി പരാതി. ശാരീരിക അസ്വസ്ഥതകളുണ്ടായ പ്രദീപ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ 14ന് പ്രദീപിന് അടിയന്തിരമായി അവധിയെടുക്കേണ്ടി വന്നു. മുൻകൂട്ടി അവധി അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. 15ന് ജോലിക്കെത്തിയപ്പോൾ അവധി അപേക്ഷ നൽകാനൊരുങ്ങിയെങ്കിലും സൂപ്രണ്ട് ഉണ്ടായിരുന്നില്ല. ഇന്നലെ അവധി അപേക്ഷയുമായി എത്തിയപ്പോൾ സൂപ്രണ്ട് തട്ടിക്കയറുകയായിരുന്നുവെന്ന് പ്രദീപിന്റെ പരാതിയിൽ പറയുന്നു. പിന്നീട് ഓഫീസ് മുറിയിൽ നിന്നു പുറത്തേക്കിറങ്ങുന്നതിനിടെ പിന്നാലെ എത്തി അസഭ്യം വിളിച്ചുവെന്ന് ശക്തികുളങ്ങര പൊലീസിനും സെക്രട്ടറിക്കും നൽകിയ പരാതിയിൽ പറയുന്നു. തന്നെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി സൂപ്രണ്ട് ശിവകുമാർ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
 കെ.എം.സി.എസ്.യു പ്രതിഷേധിച്ചു
കൊല്ലം: പ്രദീപിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കെ.എം.സി.എസ്.യു യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ഈ ഓഫീസർ മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസുകളിലും സഹപ്രവർത്തകരെ മാനസികമായി പീഡിപ്പിച്ചതായി നിരവധി പരാതികളുണ്ട്. ഇരവിപുരം മേഖലാ ഓഫീസിൽ ജോലിചെയ്യവേ, പ്രദീപിനെ ഓഫീസിന്റെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ശക്തികുളങ്ങര മേഖല ഓഫീസിൽ ഏതാനും മാസം മുമ്പ് അപേക്ഷയുമായെത്തിയ വനിതയുടെ മുഖത്തേക്ക് ഫയൽ എടുത്തെറിഞ്ഞ വിഷയത്തിലും കോർപ്പറേഷൻ സെക്രട്ടറിക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് സെക്രട്ടറി ജി.എസ്.സുരേഷ് ആവശ്യപ്പെട്ടു.