 
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതക്ക് സമാന്തരമായി പുനലൂരിൽ ബൈപ്പാസ് നിർമ്മിക്കുന്നതിന്റെ ഒന്നാം ഘട്ട സർവേ നടപടികൾ ഇന്നലെ ആരംഭിച്ചു. പൊതുമാരാമത്ത് വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം നേതൃത്വം നൽകുന്ന ടോട്ടൽ സ്റ്റേഷൻ സർവേയാണ് ആരംഭിച്ചത്.സർവേയുടെ മുന്നോടിയായി മൂന്ന് ദിവസം മുമ്പ് ഗതാഗത സാന്ദ്രതയും പരിശോധിച്ചിരുന്നു. പി.എസ്.സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, കെ.പുഷ്പലത, മുൻ നഗരസഭ ചെയർമാൻ കെ.രാധാകൃഷ്ണൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, അസി.എക്സിക്യൂവ് എൻജിനീയർ ഷഹൽ, അസി.എൻജിനിയർമാരായ രാമചന്ദ്രൻ, സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സർവേ. കാലാവസ്ഥ അനുകൂലമായാൽ പത്ത് ദിവസത്തിനകം സർവേ നടപടികൾ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് ശേഷമേ ബൈപ്പാസ് നിർമ്മാണത്തെ സംബന്ധിച്ച് അന്തിമ രൂപം നൽകൂ. ഇളമ്പലിന് സമീപത്തെ പൈനാപ്പിളിൽ നിന്ന് ആരംഭിക്കുന്ന ബൈപ്പാസ് തൊളിക്കോട് വഴി ദേശീയ പാതയിലെ ഇടമൺ കുന്നും പുറത്ത് എത്തിച്ചേരുന്ന തരത്തിലണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാണ് പുതിയ ബൈപ്പാസ്.