food

കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ.

ജില്ല പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ബ്ലോക്ക് തലങ്ങളിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ എന്നിവരുടെ സേവനം ഉറപ്പാക്കും. പട്ടികജാതി കോളനികളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും. മാലാഖക്കൂട്ടം, സ്‌കിൽ ടെക്, എന്റട്രി പദ്ധതികളുടെ മാതൃകയിൽ പാരാമെഡിക്കൽ കോഴ്‌സുകൾ കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളിൽ രണ്ടു വർഷം അപ്രന്റിഷിപ്പ് നിയമനം നൽകും. പട്ടികവർഗ മേഖലയിൽ നടപ്പാക്കിയ സാഫല്യം ഭവന പദ്ധതിയുടെ രൂപത്തിൽ അതിദരിദ്രർക്കും വീട് നിർമ്മിച്ച് നൽകും. വയോജനങ്ങൾക്ക് ചാരുകസേരയും റേഡിയോയും ഊന്നുവടിയും നൽകുന്ന പദ്ധതിയും ഉൾപ്പെടുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് സുമലാൽ അദ്ധ്യക്ഷയായി. സെക്രട്ടറി ബിനുൻ വാഹിദ് സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.ജമാൽ പഞ്ചവത്സര പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ജെ.നജീബത്ത് കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനിൽ.എസ്.കല്ലേലിഭാഗം, വസന്ത രമേശ്, ജില്ലാ പഞ്ചായത്തംഗം സി.ബാൾഡുവിൻ വിവിധ ഗ്രാമ - ബ്ലോക്ക് - പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവ‌ർ ചർച്ചയിൽ പങ്കെടുത്തു. ആസൂത്രണ സമിതി അംഗങ്ങളായ എം.എം.അൻസാരി, ഡോ.പി.ജി.രവീന്ദ്രനാഥ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സീനിയർ സൂപ്രണ്ട് എ.കബീർദാസ് നന്ദി പറഞ്ഞു.