ഓയൂർ: ഇടതുപക്ഷം ഭരിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ കഴിയാതെ പരാജയപ്പെട്ടു. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾക്കൊപ്പം യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിലെ ഒരംഗം കൂടി വിട്ടുനിന്നതിനാൽ സഭയിൽ അംഗങ്ങളുടെ ക്വോറം തികഞ്ഞില്ല. അവിശ്വാസ പ്രമേയത്തിലൊപ്പിട്ട വട്ടപ്പാറ വാർഡിലെ ലീഗ് അംഗം വിട്ടു നിന്നത് യു.ഡി.എഫിന് തിരിച്ചടിയായി.
മുളയറച്ചാൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മരിച്ചതിനെതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചതോടെ യു.ഡി.എഫ് 8 സീറ്റായി ഉയരുകകയും എൽ.ഡി.എഫ് 7സീറ്റായി കുറയുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ രാജിവയ്ക്കണമെന്ന് യു. ഡി.എഫ് ആവിശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 6ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് 8 യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം ഒപ്പിട്ട് നൽകി. തുടർന്ന് ഇന്നലെ രാവിലെ 11ന് പ്രസിഡന്റിനെതിരെയും ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റിനെ തിരെയും പ്രമേയം കൊണ്ടുവരുകയായിരുന്നു.