photo
തകർച്ചയിലായ ആലുംകടവിലെ വിശ്രമ കേന്ദ്രം

കരുനാഗപ്പള്ളി: വിനോദസഞ്ചാരികളുടെ വിശ്രമത്തിനായി

ഉൾനാടൻ ജലഗതാഗത വകുപ്പ് ആലുംകടവിൽ നിർമ്മിച്ച വിശ്രമ കേന്ദ്രം തകർച്ചയിൽ. പശ്ചിമതീര കനാലിന്റെ വശത്ത് ആലുംകടവ് ഗ്രീൻ ചാനലിന് സമീപത്തെ വിശ്രമ കേന്ദ്രമാണ് തകർച്ചയെ നേരിടുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങൾ മുടക്കിയാണ് ബോട്ടുജെട്ടിയും ഇതിനോട് ചേർന്ന് വിശ്രമ കേന്ദ്രവും നിർമ്മിച്ചത്. ഗ്രീൻചാനലിന് സമീപം

മരം കൊണ്ട് താത്ക്കാലിക പാലം കൂടി നിർമ്മിച്ചതോടെ

ആലുംകടവിലെ വിശ്രമ കേന്ദ്രം സഞ്ചാരികളുടെയും നാട്ടുകാരുടെയും ഇഷ്ട ഇരിപ്പടമായി മാറിയിരുന്നു. എന്നാൽ, ഇതുവരെ വിശ്രമ കേന്ദ്രത്തിൽ യാതൊരു വിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. മേൽക്കൂര ഏതാണ്ട് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് തൂണുകൾക്ക് മാത്രമാണ് ബലക്ഷയമില്ലാത്തത്. പകൽ നേരങ്ങളിൽ നാട്ടുകാർ വിശ്രമ കേന്ദ്രത്തിൽ വന്നിരിക്കാറുണ്ട്. മേൽക്കൂര ഏതു നിമിഷവും തകർന്നു വീഴാമെന്ന ഭയത്തിലാണവർ. ബോട്ട് ജെട്ടിയുടെ കൈവരികൾ പൂർണ്ണമായും തകർന്നു കഴിഞ്ഞു. വിശ്രമ കേന്ദ്രം നവീകരിച്ച് കൂടുതൽ ഉപകാരപ്രദമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

രമണീയം ആലുംകടവ്

കരുനാഗപ്പള്ളി താലൂക്കിൽ ആദ്യമായി സഞ്ചാരികൾ വന്നിറങ്ങിയത് ആലുംകടവിലായിരുന്നു. രാജ്യത്ത് ആദ്യമായി ഹൗസ് ബോട്ടുകൾ നിർമ്മിച്ചതും ആലുംകടവിൽ തന്നെ. ഇവിടം കെട്ടുവള്ളങ്ങളുടെ

കേന്ദ്രമായിരുന്നു. പിന്നീട് കെട്ടുവള്ളങ്ങൾ ഹൗസ് ബോട്ടുകൾക്ക് വഴിമാറി.

അറബിക്കടലും പശ്ചിമതീരക്കനാലും ഒത്തുചേരുന്ന പ്രകൃതി രമണീയമായ ഇടമാണ് ആലുംകടവ്. അതുകൊണ്ടുതന്നെ വിദേശ സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം. ഒരു ഇൻഫർമേഷൻ കൗണ്ടറും ഇവിടെ പ്രവർത്തിച്ചിരുന്നു. കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന സഞ്ചാരികളുടെ ഇടത്താവളമാണ് ആലുംകടവ്. കൊല്ലത്ത് നിന്ന് ഉച്ചയോടെ ഹൗസ് ബോട്ടുകളിൽ ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾ ഉച്ചഭക്ഷണം കഴിക്കുന്നത് ഗ്രീൻ ചാനലിൽ നിന്നാണ്. മത്സ്യബന്ധന ബോട്ടുകൾ ജെട്ടികൾക്ക് സമീപം നങ്കൂരമിട്ട് തുടങ്ങിയതോടെയാണ് ഹൗസ് ബോട്ടുകൾ അധികം ഇവിടെ അടുക്കാതായത്.