
കൊല്ലം: വിമാനത്താവളങ്ങളിലേതിന് സമാനമായ ആഗോളനിലവാരത്തിലുള്ള സൗകര്യങ്ങൾ നടപ്പാക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥസംഘം കൊല്ലം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ്. ചന്ദ്രുപ്രകാശ്, അസി. എക്സി. എൻജിനിയർ വി.നാരായണൻ നമ്പൂതിരി, ജൂനിയർ എൻജിനിയർ എ.അൽത്താഫ്, സ്റ്റേഷൻ മാനേജർ ജി.ഗോപകുമാർ എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. 385.4 കോടി രൂപ അടങ്കൽ തുകയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ 21 സ്റ്റേഷനുകളാണ് ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നത്. സംസ്ഥനത്ത് എറണാകുളം, കൊല്ലം റെയിൽവേ സ്റ്റേഷനുകളിലാണ് വികസന പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ഒഴികെയുള്ളവ പൊളിച്ചുനീക്കി പുതിയവ നിർമ്മിക്കും. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ചീനകൊട്ടാരവും പാഴ്‌സൽ ഓഫീസിന് സമീപത്തെ ആൽമരവും ഒഴികെയുള്ളവ പൂർണമായും നീക്കം ചെയ്യാനാണ് പദ്ധതി.
നിർമ്മാണ പ്രവൃത്തികൾ ഉടൻ
1. തെക്കും വടക്കുമായി രണ്ട് ടെർമിനലുകൾ
2. ഇരു ടെർമിനലുകളും ബന്ധിപ്പിച്ച് റൂഫ് പ്ലാസ
3. യാത്ര പോകുന്നതിനും വരുന്നതിനും പ്രത്യേകം കവാടങ്ങൾ
4. ചരക്ക് നീക്കത്തിന് പ്രത്യേക ട്രോളിയും എസ്കലേറ്ററും
5. പ്ലാറ്റ്ഫോമുകളിൽ അത്യാധുനിക മേൽക്കൂരകൾ
6. റിസർവേഷൻ, ഓഫീസ് പ്രവർത്തനങ്ങൾക്ക് പ്രത്യേക കെട്ടിടം
7. പൂർണമായും ഹരിത പദ്ധതി
8. സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണം, പരിസ്ഥിതി സൗഹൃദ ശീതീകരണ സംവിധാനം, എൽ.ഇ.ഡി ലൈറ്റ്
9. സി.സി ടി.വി, അത്യാധുനിക അഗ്‌നി സുരക്ഷ, ഹീറ്റ് ലൈറ്റിംഗ് ആൻഡ് വെന്റിലേഷൻ
10. ഹെൽപ്പ് ഡെസ്‌കുകൾ, ലാപ്പ്‌ടോപ്പ്, മൊബൈൽ ചാർജിംഗ് സൗകര്യം
11. എൽ.ഇ.ഡി ബോർഡുകൾ, അനൗൺസ്‌മെന്റ് സിസ്റ്റം
12. 400 കാറുകൾ പാർക്ക് ചെയ്യാവുന്ന 4 നില മൾട്ടി ലെവൽ കാർ പാർക്കിംഗ് കെട്ടിടം
ആകെ സ്ഥലം - 67 ഏക്കർ
നിർമ്മാണം - 30,000 സ്‌ക്വയർ മീറ്റർ
അടങ്കൽ തുക - 385.4 കോടി
ടെണ്ടർ ക്ഷണിച്ചത് - 290 കോടി
ടെണ്ടർ തുറക്കുന്നത്: ജൂലായ് 09ന്
പ്രവൃത്തികൾ തുടങ്ങുക - ആഗസ്റ്റിൽ
പൂർത്തീകരണ ലക്ഷ്യം - 39 മാസം
റൂഫ് പ്ലാസ
നീളം - 110 മീറ്റർ
വീതി - 36 മീറ്റർ
ഒരുക്കുന്ന സൗകര്യങ്ങൾ
 എല്ലാ പ്ലാറ്റ്ഫോമുകളിലേയ്ക്കും എസ്കലേറ്ററും ലിഫ്ടും  പൂർണമായും ശീതീകരിച്ചത്  വിശ്രമ സൗകര്യം  ടോയ്‌ലെറ്റുകൾ  ഫുഡ് കോർട്ട്  ലഘു ഭക്ഷണശാലകൾ  കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം  മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, രോഗികൾ, സ്ത്രീകൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക സൗകര്യം
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും വികസന പ്രവർത്തനങ്ങൾ. ചീനക്കൊട്ടാരം മ്യൂസിയമാക്കാനുള്ള നടപടികളും റെയിൽവേയുടെ പരിഗണനയിലാണ്. കൊല്ലം കേന്ദ്രീകരിച്ച് സ്റ്റാഫ് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ.
എൻ.കെ. പ്രേമചന്ദ്രൻ എം.പി