കൊല്ലം: മാദ്ധ്യമങ്ങളുടെ ഭരണകൂട വിധേയത്വം അനാരോഗ്യ പ്രവണതയാണെന്നും ഭരണകൂടങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അധികാരികൾ കവർന്നെടുക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സ്ഥാപക നേതാക്കളിൽ പ്രമുഖനും കേരളകൗമുദി ബ്യൂറോ ചീഫുമായിരുന്ന പി.കെ.തമ്പി, പ്രസ് ക്ലബ് മുൻ പ്രസിഡന്റും മലയാള മനോരമ ബ്യൂറോ ചീഫുമായിരുന്ന അടൂർ ബാലൻ അനുസ്മരണവും അടൂർ ബാലൻ സ്മാരക പത്രപ്രവർത്തക പുരസ്‌കാര ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്റ് ജി. ബിജു അദ്ധ്യക്ഷനായി. പുരസ്‌കാരം മാതൃഭൂമി സീനിയർ റിപ്പോർട്ടർ രതീഷ് രവി ഏ​റ്റുവാങ്ങി. മലയാള മനോരമ മുൻ എഡി​റ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി. പ്രേം, ട്രഷറർ സുജിത് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.