 
 അപകടാവസ്ഥയിലായിട്ട് രണ്ടു വർഷം
പെരുമ്പുഴ: ഇളമ്പള്ളൂർ, കൊറ്റങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഞെട്ടയിൽ പാലം അപകടാവസ്ഥയിലായിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. കഴിഞ്ഞ പ്രളയത്തിലാണ് ഒരുഭാഗം തകർന്നത്. ഇതോടെ നാശോൻമുഖമായ പാലം വാഹനങ്ങൾക്ക് ഭീഷണിയായി. അതിർത്തി പ്രദേശമായതിനാലാണ് പാലത്തിന്റെ ദുരിതാവസ്ഥ തീരാത്തതെന്ന് നാട്ടുകാർ പറയുന്നു.
ഇരു പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന കേരളപുരം - മൃഗാശുപത്രി ജംഗ്ഷൻ റോഡിലാണ് ഞെട്ടയിൽ പാലം. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനംപ്രതി ആശ്രയിക്കുന്ന റോഡ്.
കേരളപുരം, ഞെട്ടയിൽ ഭാഗങ്ങളിലുള്ളവർക്ക് കൊട്ടിയം, ആറ്റിങ്ങൽ, തിരുവനന്തപുരം, വെളിയം, അഞ്ചൽ, ആയൂർ എന്നിവിടങ്ങളിലേക്ക് വേഗമെത്താൻ കഴിയുന്ന റോഡാണിത്.
കൊറ്റങ്കര പഞ്ചായത്ത് അധികൃതരാണ് 'പാലം അപകടത്തിൽ' എന്ന ബോർഡ് സ്ഥാപിച്ചത്. പക്ഷേ, അറ്റകുറ്റപ്പണികൾക്ക് ഇരു പഞ്ചായത്തുകളും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പലവിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടത്തുമ്പോഴും പാലത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.
 കണ്ണുതെറ്റിയാൽ തോട്ടിൽ
വാഹനങ്ങൾ പലത്തിൽ വച്ച് വശംകൊടുക്കുമ്പോൾ ചെറിയ അശ്രദ്ധ ഉണ്ടായാൽപ്പോലും തോട്ടിൽ വീഴുമെന്ന അവസ്ഥയാണ്. വഴി പരിചയമില്ലാത്തവരാണെങ്കിൽ അപകടം ഉറപ്പ്. പാലത്തിന്റെ കൈവരിയുടെ സ്ഥാനത്ത് കുറച്ചു കല്ലുകൾ നിരത്തി വച്ചിട്ടുണ്ട്. ഇതാണ് അപകട സൂചന. ഈ പാറക്കഷണങ്ങൾക്ക് ചുറ്റും കാടു വളർന്ന നിലയിലാണ്.
പാലത്തിന്റെ അപകടാവസ്ഥ പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ടു പഞ്ചായത്തുകളുടെ അതിർത്തി ആയതിനാൽ തങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തുകയോ പൊളിച്ചു പണിയുകയോ ചെയ്തില്ലെങ്കിൽ അപകടം ഉറപ്പാണ്
എസ്. രാജേന്ദ്രൻ, ഇളമ്പള്ളൂർ