കൊല്ലം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നാളെ മുതൽ ജൂലായ് 7 വായന പക്ഷാചരണം ആചരിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.വി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് 12ന് പക്ഷാചരണം ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തും. ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ. ശശികുമാർ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിക്കും. രാധ കാക്കനാടൻ വായനാദിന സന്ദേശവും പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അനുസ്മരണവും നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. റഷീദ്, ജി. അനിൽകുമാർ, ടി.പി. അഭിമന്യു എന്നിവർ സംസാരിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ജ്യോതിയും സെക്രട്ടറി ജി. അനിൽകുമാറും അറിയിച്ചു.