കൊല്ലം: നിർമ്മാണം 11 വർഷം മുമ്പ് പൂർത്തിയായ മുനീശ്വരൻകോവിൽ- കപ്പലണ്ടി മുക്ക് റോഡിന്റെ കരാറുകാരൻ ആവശ്യപ്പെട്ട 1.21 കോടി നൽകാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. സി.പി.ഐ കൗൺസിലർമാരുടെ എതിർപ്പ് അവഗണിച്ച് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെയാണ് മേയർ തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും ബാദ്ധ്യത വരാതിരിക്കാൻ സർക്കാരിൽ നിന്നു ഉറപ്പ് വാങ്ങുമെന്നും മേയർ പറഞ്ഞു.
മാർച്ച് 10ന് ചേർന്ന കൗൺസിൽ യോഗം പണം നൽകുന്ന കാര്യം സർക്കാരിന് വിടാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ കരാറുകാരൻ നൽകിയ ഹർജിയിൽ പണം എത്രയും വേഗം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതു നടപ്പാക്കാൻ വൈകുന്നതിൽ ക്ഷോഭിച്ച കോടതി ഈ മാസം 20ന് മേയറും സെക്രട്ടറിയും നേരിട്ട് ഹാജരായി കോടതി അലക്ഷ്യത്തിനുള്ള ചാർജ്ജ് ഷീറ്റ് കൈപ്പറ്റാനും ഉത്തരവിട്ടു. ഇതോടെയാണ് ഇന്നലെ വിഷയം വീണ്ടും അണ്ടയായത്. സർക്കാർ അനുമതി ലഭിക്കാതെ പണം നൽകാനാവില്ലെന്ന് സ.പി.ഐ കൗൺസിലർമാർ നിലപാടെടുത്തു. കോർപ്പറേഷൻ അധികൃതരുടെ വീഴ്ചയ്ക്ക് കരാറുകാരനെ വലയ്ക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് പറഞ്ഞു. തർക്കം കനക്കുന്നതിനിടെ കോടതി അലക്ഷ്യം നേരിടാനാകില്ലെന്ന് പറഞ്ഞ് പണം അനുവദിക്കാൻ തീരുമാനിച്ചതായി മേയർ പ്രഖ്യാപിക്കുകയായിരുന്നു.
2008ലാണ് കപ്പലണ്ടിമുക്ക് - മുനീശ്വരൻ കോവിൽ റോഡ് നിർമ്മാണത്തിന്റെ കരാർ കെ. ലക്ഷ്മണൻ ആൻഡ് കമ്പനി ഏറ്റെടുത്തത്. കരാർ നടപടികൾ പൂർത്തിയായിട്ടും റോഡ് വീതികൂട്ടാനുള്ള സ്ഥലം ഏറ്റെടുക്കൽ നഗരസഭ ആരംഭിച്ചില്ല. അതിനാൽ നിർമ്മാണത്തിന് കരാറുകാരൻ എത്തിച്ച യന്ത്രസാമഗ്രികൾ വർഷങ്ങളോളം ഉപയോഗശൂന്യമായി കിടന്നു. ഈ ഇനത്തിൽ തനിക്കു സംഭവിച്ച നഷ്ടമായ 1.21 കോടിയാണ് കരാറുകാരൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
 പ്രമേയത്തെച്ചൊല്ലി തർക്കം
വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ പ്രതിഷേധിച്ച് മേയർ പ്രസന്ന ഏണസ്റ്റ് അവതരിപ്പിച്ച പ്രമേയം ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചു. ഇ.പി ജയരാജനെതിരെയും കേസെടുക്കണമെന്ന കാര്യം കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതിനിടെ ബി.ജെ.പി കൗൺസിലർമാരായ ടി.ജി. ഗിരീഷ്, ടി.ആർ. അഭിലാഷ്, അനീഷ് എന്നിവർ മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് ആരോപണവുമായി രംഗത്തെത്തി. ഇതിനെതിരെ എം. സജീവിന്റെ നേതൃത്വത്തിൽ സി.പി.എം കൗൺസിലർമാർ ഒച്ചപ്പാടുണ്ടാക്കി. ഇതോടെ തർക്കം രൂക്ഷമായി. ഇതിനിടയിൽ മേയർ പ്രമേയം അംഗീകരിച്ചതായി പ്രഖ്യാപിച്ചു.
 കറുപ്പണിഞ്ഞ് ബി.ജെ.പി
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് മാസ്കിനടക്കം നിരോധനം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാരായ ടി.ജി. ഗിരീഷ്, ടി.ആർ. അഭിലാഷ്, കൃപ വിനോട്, ഷൈലജ എന്നിവർ കറുപ്പ് വസ്ത്രങ്ങൾ ധരിച്ചാണ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്.