കൊല്ലം: പ്ളാക്കാട് പൈങ്ങൾ ഗുരു നാഗപ്പൻകാവ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള 75 സെന്റ് ഭൂമി അവകാശികൾ ഇല്ലെന്ന പേരിൽ ഏറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധം.
ക്ഷേത്രത്തിന് 300 വർഷം പഴക്കമുണ്ട്. നിത്യപൂജകളും വാർഷിക, പ്രതിഷ്ഠാദിന ഉത്സവങ്ങളും മണ്ഡല, മകര വിളക്ക് ഉത്സവങ്ങളും നടക്കുന്ന ക്ഷേത്രമാണ്. ഭൂമിയുടെ തണ്ടപ്പേരിൽ ഉള്ളവർ പതിറ്റാണ്ടുകൾക്കു മുമ്പേ മരണമടഞ്ഞു. ക്ഷേത്രഭരണസമിതി ഇക്കാര്യം റവന്യു അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും കരം തീർത്തുനൽകാൻ നടപടി സ്വീകരിച്ചില്ല. ഭൂമി ഏറ്റെടുക്കുമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. റവന്യു അധികൃതർക്കെതിരെ ക്ഷേത്ര ഭരണസമിതി കളക്ടർക്ക് പരാതി നൽകി.