
ചാത്തന്നൂർ: ചാത്തന്നൂർ - പരവൂർ റോഡിൽ നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷന് സമീപം അമിതവേഗത്തിൽ വന്ന കാർ ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു.
ചാത്തന്നൂർ മീനാട് കിഴക്കുംകര ഒലിപ്പുവിള വീട്ടിൽ അബ്ദുൽ വഹാബിന്റെ മകൻ അഷ്റഫാണ് (43) മരിച്ചത്.
ഇന്നലെ വൈകിട്ട് 3 ഓടെ അഷ്റഫ് വീട്ടിൽ നിന്ന് പരവൂരിലേക്ക് ഐസ്ക്രീം വിൽപ്പനയ്ക്കായി പോകുമ്പോഴായിരുന്നു അപകടം. പരവൂർ ഒല്ലാൽ സ്വദേശിയായ യുവാവ് പരവൂരിൽ നിന്ന് ചാത്തന്നൂരിലേക്ക് അമിതവേഗത്തിൽ ഓടിച്ചുവന്ന കാർ എതിർദിശയിലേക്ക് പാഞ്ഞുകയറി എതിരെവന്ന ഐസ്ക്രീം ഓട്ടോയും റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ടു വീലറിലും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന ഫ്രീസർ ഉൾപ്പെടെ മുകൾഭാഗവും ഇളകി ദൂരെ തെറിച്ചുവീണു. അഷ്റഫ് അടുത്ത വീട്ടിലെ ഗേറ്റിന് മുന്നിൽ ഇടിച്ചു വീഴുകയായിരുന്നു. നാട്ടുകാർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സീന.
മക്കൾ: അഷ്‌കർ, അഫ്സൽ. പരവൂർ പൊലീസ് കേസെടുത്തു.