 
പത്തനാപുരം : കുണ്ടയം ആലവിള നസീബ് മൻസിൽ നസീബിനെ(24) പത്തനാപുരം
പഴഞ്ഞിക്കടവ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളായ നാസറും ഉബൈദയും മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.
കഴിഞ്ഞ സെപ്തംബർ 30നാണ് നസീബിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. 28 ന് സുഹൃത്തുക്കൾക്കൊപ്പം പോയ നസീബ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. നസീബിന്റെ ഇരുചക്ര വാഹനം പത്തനാപുരം -കൊട്ടാരക്കര മിനിഹൈവേയിൽ പഴഞ്ഞിക്കടവ് പാലത്തിൽ സംശാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും തോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പിടവൂർ - പട്ടാഴി റോഡിൽ തണ്ടാൻകടവ് പാലത്തിന് സമീപം കല്ലട ആറിനോട് ചേർന്ന ഭാഗത്ത് നാട്ടുകാരാണ് മൃതദേഹം ഒഴുകിപോകുന്നത് കണ്ട് പൊലീസിനെ അറിയിച്ചത്. നസീബിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചല്ല മരണമെന്ന് തെളിഞ്ഞിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.