 
കരുനാഗപ്പള്ളി: ആലുംകടവ് കടത്തുകടവിൽ എക്കൽ മണ്ണ് മൂടി വള്ളം തള്ളിനീക്കാൻ കഴിയാത്ത സ്ഥിതിയായി. കടത്തുകാരുടെ കാലുകൾ മുട്ടിന് താഴെ മണ്ണിൽ പൂന്തിപ്പോകും. അരനൂറ്റാണ്ടോളമായി കടവിലെ മണ്ണ് നീക്കം ചെയ്തിട്ട്. വർഷങ്ങളായി അടിഞ്ഞ് കിടക്കുന്ന എക്കൽ മണ്ണ് നീക്കം ചെയ്ത്, കടവിന് ആഴം കൂട്ടി വള്ളം പോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. രാജഭരണ കാലത്ത് ആരംഭിച്ച ഈ കടത്ത് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 10-ം വാർഡിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്നു. മുൻ കാലങ്ങളിൽ വിദേശ വിനോദ സഞ്ചാരികൾ ആലുംകടവിൽ എത്തുമ്പോൾ വള്ളത്തിൽ കയറി കായൽ ചുറ്റുന്നത് പതിവായിരുന്നു.
ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ സംരക്ഷണയിൽ
3 ടൺ കേവ് ഭാരമുള്ള വള്ളമാണ് കടത്തിനായി ഉപയോഗിക്കുന്നത്. കടത്തുകാരൻ ഉൾപ്പെടെ 7 പേർക്ക് യാത്ര ചെയ്യാനാവും. ചെറിയഴീക്കൽ തുറയിലുള്ളവർക്ക് കടത്തു കടന്ന് ആലുംകടവ് വഴി കരുനാഗപ്പള്ളിയിലേക്ക് പോകാൻ എളുപ്പമാണ്. കൂടാതെ ആലുംകടവിൽ ബസിറങ്ങി ആലപ്പാട്ടേക്ക് പോകുന്നവർ കടത്തു വള്ളത്തെയാണ് ആശ്രയിക്കുന്നത്. പശ്ചിമതീര കനാലും ഇതിനോട് ചേർന്ന് കിടക്കുന്ന കടത്തുകടവും ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്. ഇവിടെ കോൺക്രീറ്റ് പടികളോട് കൂടിയ കടത്തുകടവ് നിർമ്മിച്ചതും നിലവിൽ സംരക്ഷിക്കുന്നതും ആലപ്പാട് ഗ്രാമപഞ്ചായത്താണ്. കടവിൽ കെട്ടിയിട്ടിരിക്കുന്ന കടത്തു വള്ളം വേലിയേറ്റത്തെ ആശ്രയിച്ചാണ് യാത്രക്കാരേയും കൊണ്ട് അക്കരെ ഇക്കരെ പോകുന്നത്. വേലിയേറ്റത്തിന്റെ ശക്തി കുറഞ്ഞാൽ വള്ളത്തിൽ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയില്ല.
ആലുംകടവ് കടത്ത് കടവിൽ എക്കൽ മണ്ണ് അടിഞ്ഞ് കൂടി കടത്തു വള്ളത്തിൽ യാത്ര ചെയ്യാൻ സാധിക്കാത്തത് ശ്രദ്ധയിൽ വന്നിട്ടുണ്ട്. അതുകൊണ്ട് യാത്രക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടിന് ശാശ്വത പരിഹാരം കാണും. ഇതിനായി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് കടത്തുകടവിന്റെ ആഴംകൂട്ടും. ഇതിനുള്ള നടപടികൾ അടിയന്തരമായി ചെയ്യും. ഉല്ലാസ്, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്: