kas
വർഷങ്ങളായി കാടുമൂടികിടക്കുന്ന സ്ഥലം

പരവൂർ : ഗതാഗത പരിഷ്ക്കാരങ്ങൾ പലത് നടപ്പാക്കിയിട്ടും അതിന്റെ ഗുണം കിട്ടാതെ പോയ നഗരമാണ് പരവൂർ.

വൺവേ സമ്പ്രദായവും അശാസ്‌ത്രീയ പാർക്കിംഗും കാരണം നാട്ടുകാർ പൊറുതിമുട്ടിയതല്ലാതെ കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. എല്ലാ ഗതാഗത പരിഷ്ക്കാരങ്ങളെയും ഇവിടെ അപ്രസക്തമാക്കുന്നത് സ്ഥലപരിമിതിയാണ്.

വീതിയില്ലാത്ത റോഡും പാർക്കിംഗ് സ്ഥലമില്ലാത്തതും നഗരത്തെ വീർപ്പുമുട്ടിക്കുന്നു.

നഗരത്തിലെ വീതികുറഞ്ഞ റോഡുകളിൽ അധികൃതർ

കടുത്ത ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നാട്ടുകാരിൽ വലിയ അതൃപ്തിയുണ്ടാക്കാറുണ്ട്. എന്നാൽ, അവർക്ക് മറ്റുവഴികളില്ലെന്നതാണ് സത്യം. നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം കച്ചവടക്കാരും ആകെ വലഞ്ഞ മട്ടാണ്. പാർക്കിംഗിന് സ്ഥലം കണ്ടെത്താതെ കച്ചവടത്തിന്റെ കാര്യത്തിൽ വലിയ പുരോഗതിയെന്നും ഉണ്ടാവില്ലെന്നാണ് അവർ പറയുന്നത്.

32 സെന്റിൽ പരിഹാരം

നഗരഹൃദയത്തിൽ ഒറ്റപ്പെട്ട് ഒരു 32 സെന്റ് സ്ഥലം

കാടു മൂടിക്കിടപ്പുണ്ട്. സ്വകാര്യവ്യക്തിയിൽ നിന്ന് അത്രയും സ്ഥലം

നഗരസഭ ഏറ്റെടുത്താൽ ഒരു പരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. എം.പി.കൃഷ്ണൻ വൈദ്യൻ ആയുർവേദ ആശുപത്രിക്ക് സമീപം

വർഷങ്ങളായി കാടുമൂടിക്കിടക്കുന്ന ഈ പ്രദേശം ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രം കൂടിയാണ്. കോട്ടപ്പുറം ഹൈസ്‌കൂളും കോട്ടപ്പുറം ഗവ.എൽ.പി സ്കൂളും ഇതിനു സമീപമാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ സദാസമയവും കുട്ടികളുടെ തിരക്കാണ്.

നഗരഹൃദയത്തിലെ ഈ സ്ഥലം അധികൃതർ ഏറ്റെടുക്കുകയാണെങ്കിൽ, വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിലെ പാർക്കിംഗ് ഒഴിവാക്കാനും ഫീസിനത്തിൽ മികച്ച വരുമാനം ഉണ്ടാക്കാനും കഴിയും.

റെയിൽവേ സ്റ്റേഷൻ റോഡിൽ ലഞ്ച് ഹോം മുതൽ കോട്ടപ്പുറം എൽ.പി.എസ് വഴി മേൽപ്പാലം വരെ വലത് വശത്ത് പാർക്കിംഗ് അനുവദിച്ചിരുന്നു. എന്നാൽ, സ്കൂളിന്റെ ഭാഗം വരെ റോഡ് തീരെ ഇടുങ്ങിയതായതിനാൽ കുരുക്കും നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഈ വസ്തു ഏറ്റെടുക്കുന്നതോടെ

അശാസ്ത്രീയമായ ഗതാഗത നടപടിക്ക് ശാശ്വത പരിഹാരമാകുമെന്നതിൽ സംശയമില്ല.

മുമ്പിലുണ്ട് മാർക്കറ്റ്

നഗര വികസനവുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂമി ഏറ്റെടുത്ത ചരിത്രം

പരവൂർ നഗരസഭയ്ക്കുണ്ട്. പരവൂർ മാർക്കറ്റ് വിപുലമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യവൃക്തിയുടെ 18 സെന്റ് ഭൂമി വിലയ്ക്കെടുത്തിരുന്നു. അങ്ങനെ 70 സെന്റോളമുണ്ടായിരുന്ന മാർക്കറ്റ് 88 ആയി വികസിച്ചു. ഏറ്റെടുത്ത ഭൂമിയിൽ ഇപ്പോൾ മത്സ്യ,​ മാംസ വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്. പാർക്കിംഗിന് സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പിന്നിലെ ചേതോവികാരവും ഇതുതന്നെയാണ്.

............................................................................................................................


പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങളിലെത്തുന്നവർ

വലിയ ബുദ്ധിമുട്ടിലാണ്. രാത്രിയിലാണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതുമില്ല. സ്വകാര്യ വസ്തുഏറ്റെടുക്കാനാവശ്യമായ നടപടികൾ നാഗസഭ അധികൃതർ സ്വീകരിക്കണം.

അഡ്വ.പി.ഗോപാലകൃഷ്‌ണൻ,​
ജെ. എസ്. എസ് (എസ്),​

സംസ്ഥാനസമിതി അംഗം,​ പൊഴിക്കര