കൊടാരക്കര: കൊട്ടാരക്കര നഗരസഭയിലുണ്ട് വികസനം ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ഒരു പ്രദേശം. ഇ.ടി.സി കല്ലുവാതുക്കലിലാണ് യാത്രാസൗകര്യംപോലുമില്ലാതെ ആളുകൾ വലയുന്നത്. നിരവധി സർക്കാർ ഓഫീസുകളും നവോദയ സ്കൂളും ഐ.എച്ച്.ആർ.ഡി എ‌ൻജിനീറിംഗ് കോളേജും സീഡ് ഫാമിന്റെ വിത്തുത്പ്പാദന കേന്ദ്രവും സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന എസ്.ഐ.ആർ.ഡിയും (കില) എക്സൈസ് റേഞ്ച് ഓഫീസും കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് ഓഫീസും എല്ലാം ഈ പ്രദേശത്തുണ്ട്. ജില്ലയിലെ ആദ്യത്തെ സർക്കാർ വക കൃഷിത്തോട്ടവും ഇവിടെയാണ്. എന്നാൽ ഇ.ടി.സി ജംഗ്ഷനിൽ ബസിറങ്ങിയാൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെത്താൻ മൂന്നു കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിക്കണമെന്ന് മാത്രം.

ഇ.ടി.സി ജംഗ്ഷൻ ----------ഇടത്തേക്ക് ....ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, വിത്തുത്പ്പാദന കേന്ദ്രം , ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ----കല്ലുവാതുക്കൽ അമ്പലപ്പുറം

ഇ.ടി.സി ജംഗ്ഷൻ ----------വലത്തേക്ക് ..... നവോദയ സ്കൂൾ , കാടാംകുളം വഴി റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ

വാഹന സൗകര്യമില്ല

എൻജിനീയറിംഗ് കോളജിലും നവോദയയിലും കിലയിലും ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർക്ക് അവശ്യസാധനങ്ങൾ വാങ്ങണമെങ്കിൽ തൃക്കണ്ണമംഗലത്തോ, കൊട്ടാരക്കരയിലോ എത്തണം. അതിന് വാഹന സൗകര്യമില്ല എന്നതും പ്രശ്നമാണ്. ഇവിടുത്തെ സ്ഥിര താമസക്കാർക്ക് അവശ്യവസ്തുക്കളോ മരുന്നോ വേണമെങ്കിൽ നാലും അഞ്ചും കിലോമീറ്റർ നടക്കുകയോ ടാക്സി പിടിക്കുകയോ വേണം. വ‌ർഷങ്ങൾക്ക് മുമ്പ് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇ.ടി.സി കാടാംകുളം വഴി റെയിൽവേ സ്റ്റേഷൻ -സർക്കുലർ ബസ് സർവീസ് ഉണ്ടായിരുന്നത് നിറുത്തിയതാണ് യാത്രാദുരിതത്തിന് കാരണം.

ഇ.ടി.സി പ്രദേശങ്ങളിലെ യാത്രാ ക്ളേശം പരിഹരിക്കുന്നതിന് അടിയന്തര പരിഹാരം ഉണ്ടാകണം. നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർക്കുലർ സർവീസ് പുനരാരംഭിക്കണം. കൂടാതെ രണ്ട് സ്വകാര്യ ബസുകൾ ഇ.ടി.സി നീലേശ്വരം വഴി അമ്പലപ്പുറത്തേക്കും, റെയിൽവേസ്റ്റേഷൻ കാടാംകുളം ഇ.ടി.സിവഴി ഓടനാവട്ടത്തേക്കും ആരംഭിക്കണം അഡ്വ. അജിത് കുമാർ , അഭിഭാഷകൻ, കൊട്ടാരക്കര

ഇ.ടി.സി കല്ലുവാതുക്കൽ പ്രദേശത്തിന്റെ പിന്നാക്കാവസഥ പരിഹരിക്കാൻ ബ്ളോക്ക് ഓഫീസിന് സമീപം മാവേലി സ്റ്റോറോ പൊതു വിതരണ സ്ഥാപനമോ ആരംഭിക്കണം.പ്രദേശത്ത് ഒരു മെഡിക്കൽ സ്റ്റോറോ ആരോഗ്യ കേന്ദ്രമോ ഇല്ലാത്തതും ആളുകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. . സജി ചേരൂർ പൊതു പ്രവർത്തകൻ